സൂക്ഷിച്ചോ, എല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ട്!
1581574
Tuesday, August 5, 2025 11:54 PM IST
പാലാ: ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള മിനി മാസ്റ്റ് ലൈറ്റുകളില്‍ നിരീക്ഷണ കാമറ വരുന്നു. ജില്ലാ പഞ്ചായത്തിന്റെ മിനി മാസ്റ്റ് ലൈറ്റുകളിൽ കാമറ സ്ഥാപിക്കാനുള്ള പദ്ധതിക്കു ജില്ലാ പ്ലാനിംഗ് സമിതി അംഗീകാരം നൽകി. 30 മിനി മാസ്റ്റ് ലൈറ്റുകളില്‍ കാമറകള്‍ വയ്ക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു.
സംസ്ഥാനത്ത് ആദ്യം
മിനി മാസ്റ്റ് ലൈറ്റുകളില്‍ കാമറ സ്ഥാപിക്കുന്ന പദ്ധതി സംസ്ഥാനത്തുതന്നെ ആദ്യമാണ്. മിനി മാസ്റ്റ് ലൈറ്റുകളില്‍ കാമറ സ്ഥാപിക്കുമ്പോള്‍ ചെലവിനത്തില്‍ 30 ശതമാനം കുറവുണ്ടാകും. നിരീക്ഷണ കാമറയ്ക്കുള്ള പോസ്റ്റുകള്‍, അതിന്റെ ഫൗണ്ടേഷന്, വൈദ്യുതി കണക്ഷന് എന്നിവ ആവശ്യമില്ല. മിനി മാസ്റ്റ് ലൈറ്റുകളുടെ വൈദ്യുതി കണക്ഷനില്നിന്നുതന്നെ കാമറയ്ക്ക് ആവശ്യമുള്ള വൈദ്യുതിയും ലഭ്യമാക്കും. മാത്രമല്ല ലൈറ്റുകളുടെ പ്രകാശത്തിനു കീഴില്‍ കാമറ സ്ഥാപിക്കുമ്പോള്‍ ദൃശ്യങ്ങൾക്കു കൂടുതല്‍ വ്യക്തത ലഭിക്കും. അഞ്ച് എംപിയുടെ ബുള്ളറ്റ് വെരിഫോക്കല്‍ മോഡല്‍ കാമറകൾ ഒരു യൂണിറ്റില്‍ രണ്ടു വീതം വയ്ക്കും.
ഒരു മാസത്തിനുള്ളിൽ
കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും പദ്ധതിക്കു ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരം ലഭിച്ചു. ഒരു മാസത്തിനുള്ളില്‍ കാമറ സജ്ജീകരിക്കും. സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനം മുഖേനയാണ് കാമറ വയ്ക്കുന്നത്. മൂന്നു വര്‍ഷത്തേക്കു പരിപാലന ചുമതലയും അവർക്കാണ്. കേബിള്‍ നെറ്റ്വര്‍ക്ക് മുഖേനയാണ് പ്രവർത്തനം. ഒരേ സമയം 40 ഫോണിലേക്കും അഞ്ച് ടിവിയിലേക്കും നിരീക്ഷണ സൗകര്യം ഏര്‍പ്പെടുത്തും. മൂന്നു പഞ്ചായത്തുകളിലും കാമറ നിരീക്ഷണത്തിനായി പ്രത്യേക ടിവി സ്ഥാപിക്കും.
പോലീസ്, എക്സൈസ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ജനപ്രതിനിധികള്‍, ഓരോ സ്ഥലത്തെയും പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കാമറ നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും.
കുറ്റകൃത്യം തടയാൻ
രാത്രിയിലെ മാലിന്യംതള്ളല്‍, വാഹനാപകടങ്ങള്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മോഷണം എന്നിവ കൃത്യമായി നിരീക്ഷിച്ചു നടപടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ഇ.എം. ബിനു (കിടങ്ങൂര്‍), രഞ്ജിത്ത് ജി. മീനാഭവന്‍ (മുത്തോലി), ലീലാമ്മ ബിജു (കൊഴുവനാല്‍) എന്നിവര്‍ പറഞ്ഞു.