തുടരുന്ന മഴയിൽ ദുരിതങ്ങൾ പെയ്തിറങ്ങുന്നു
1581577
Tuesday, August 5, 2025 11:54 PM IST
കുറവിലങ്ങാട്: മഴതുടരുന്നതോടെ ദുരിതങ്ങളും പെയ്തിറങ്ങുന്നു. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ മേഖലകളിൽ കാർഷികമേഖലയിൽ പ്രതിസന്ധികൾ ശക്തമാകുകയാണ്. റബർ ടാപ്പിംഗ് മുടങ്ങുന്നതോടെ കർഷക കുടുംബങ്ങളുടെ ബജറ്റ് താളംതെറ്റിക്കഴിഞ്ഞു. ഷെയ്ഡ് ഇട്ട് ടാപ്പിംഗ് നടത്താൻ പലരും പരിശ്രമം നടത്തിയെങ്കിലും അപ്രതീക്ഷിതമായ മഴ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
പച്ചക്കറി കർഷകരും ഏറെ ബുദ്ധിമുട്ടിലാണ്. ഓണത്തിന് വിളവെടുക്കാൻ ലക്ഷ്യമിട്ടാണ് പലരും കൃഷിയിറക്കിയത്. തുടരുന്ന മഴയിൽ കൃഷിഭൂമിയിലിറങ്ങാനോ വളപ്രയോഗം നടത്താനോ കഴിയാത്ത സ്ഥിതിയിലാണ്. മരച്ചീനിയടക്കം വിളവെടുക്കാറായ ഇനങ്ങൾ പാടങ്ങളിൽ വെള്ളം ഉയർന്നാൽ നശിക്കുമെന്നതും പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു.
ഇടിത്തീപോലെ വിലക്കയറ്റം
നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനേ ഉയർന്നത് സാധാരണ കുടുംബങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. പച്ചക്കറി, മത്സ്യം, മാംസം എന്നിവ വാങ്ങാൻ കഴിയാത്ത വിധം വില ഉയർന്നിരിക്കുന്നു. വെളിച്ചെണ്ണ വില ഉയർന്നതുമൂലം മറ്റ് എണ്ണകളിലേക്ക് സാധാരണ കുടുംബങ്ങൾ തിരിഞ്ഞിരിക്കുകയാണ്. ഇത് ആരോഗ്യജീവിതത്തിന് ഭീഷണിയാകുമോ എന്ന് കണ്ടറിയണം.
മത്സ്യത്തിന്റെ വില താഴുമെന്ന പ്രതീക്ഷ അകലുകയാണ്. 150 രൂപയിൽ താഴെ ഒരു മീനും കിട്ടാനില്ലെന്നതാണ് സ്ഥിതി. മത്തിയും അയലയുമടക്കമുള്ള സാധാരണ മത്സ്യങ്ങൾക്ക് കിലോയ്ക്ക് മൂന്നൂറിന് മുകളിൽ നൽകണം. മുന്തിയ ഇനം മത്സ്യത്തിന് അഞ്ഞൂറിന് മുകളിൽ നൽകേണ്ട സാഹചര്യമാണുള്ളത്.
പോത്തിറച്ചി താമസിയാതെ കിലോയ്ക്ക് അഞ്ഞൂറിലെത്തുന്ന രീതിയിലാണ് ഈ മേഖലയിലെ വില. 450-480 നിരക്കിലാണ് വില. വില ഏകീകരണമെന്നത് ഇനിയും നടപ്പായിട്ടില്ല. കോഴിവിലയും വർധിച്ച് നിൽക്കുകയാണ്.
കുത്തരി വില അൻപതിന് മുകളിലെത്തിയിട്ട് ഏറെ നാളുകളായി. നല്ലയിനം വടി അരി ലഭിക്കണമെങ്കിൽ 60 രൂപയെങ്കിലും നൽകേണ്ട സ്ഥിതിയാണ്. ബ്രാൻഡഡ് ഇനങ്ങളിലേക്ക് പോയാൽ വില വീണ്ടും ഉയരും.
തൊഴിലില്ലാത്തതും പ്രശ്നം
കനത്ത മഴ മൂലം ദിവസക്കൂലിക്കാർക്ക് കാര്യമായ പണിയില്ലെന്നത് സാമ്പത്തിക ബാധ്യതിയിലേക്ക് നയിക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ കാര്യമായ ജോലികൾ നടത്താൻ കഴിയാത്തതിനാൽ കർഷക തൊഴിലാളികൾ വീടുകളിലായിരിക്കുകയാണ്. വിദ്യാർഥികളടക്കമുള്ള കുടുംബങ്ങൾക്ക് പണം ആവശ്യം വരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധികൾ.