ചങ്ങനാശേരി നഗരസഭയില്‍ കൂറുമാറിയ രണ്ട് കോണ്‍. കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി
1581578
Tuesday, August 5, 2025 11:54 PM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയില്‍ കൂറുമാറിയ രണ്ട് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആറു വര്‍ഷത്തേക്ക് അയോഗ്യരായി പ്രഖ്യാപിച്ചു. യുഡിഎഫ് നഗരസഭ ഭരിച്ചുകൊണ്ടിരിക്കെ ചെയര്‍പേഴ്സണായിരുന്ന സന്ധ്യാ മനോജിനെതിരേ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ കൂറുമാറി വോട്ട് ചെയ്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായിരുന്ന രാജു ചാക്കോ, ബാബു തോമസ് എന്നിവരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കിയത്.
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോമി ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കൂറുമാറ്റ കേസില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാനാണ് വിധി പ്രഖ്യാപിച്ചത്.
യുഡിഎഫ് പിന്തുണയോടെ ചെയര്‍പേഴ്സണായ സ്വതന്ത്രാംഗം സന്ധ്യാ മനോജിനെതിരേ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത് 2023 ജൂലൈയിലാണ്. ഈ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കണമെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നല്കിയ വിപ്പ് ലംഘിച്ചാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ രാജു ചാക്കോയും ബാബു തോമസും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് അവിശ്വാസപ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി.
തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷത്തായിരുന്ന സ്വതന്ത്രാംഗം ബീനാ ജോബി എല്‍ഡിഎഫ് ചേരിയിലെത്തി ചെയര്‍പേഴ്സണും ജനാധിപത്യ കേരളകോണ്‍ഗ്രസിലെ മാത്യൂസ് ജോര്‍ജ് വൈസ് ചെയര്‍മാനുമായ എല്‍ഡിഎഫ് ഭരണസമിതി അധികാരത്തില്‍വന്നു.
കൂറുമാറ്റം നടത്തിയ രാജു ചാക്കോ, ബാബു തോമസ് എന്നിവരെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് യുഡിഎഫ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനമുണ്ടായത്.
നഗരസഭ 30-ാം വാര്‍ഡില്‍നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച് ആദ്യം യുഡിഎഫ് പക്ഷത്തും പിന്നീട് എല്‍ഡിഎഫ് ചേരിയിലും എത്തിയ ബീന ജോബിക്കെതിരേയും ഈ കേസിനൊപ്പം യുഡിഎഫ് തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഈ കേസില്‍ ബീന ജോബിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന് വിധി പുറപ്പെടുവിച്ചിരുന്നു. യുഡിഎഫിനുവേണ്ടി അഡ്വ. എ.സന്തോഷ് കുമാര്‍ ഹാജരായി.
കക്ഷിനില
ആകെ: 37.
അയോഗ്യര്‍: രണ്ട്.
എല്‍ഡിഎഫ്: 16.
യുഡിഎഫ്:12.
സ്വതന്ത്രര്‍: നാല്.
ബിജെപി: മൂന്ന്.
നാലു സ്വതന്ത്രരില്‍ മൂന്നുപേര്‍ യുഡിഎഫ് പക്ഷത്തും ഒരാള്‍ എല്‍ഡിഎഫ് പക്ഷത്തുമാണ്.