നെഹ്റു ട്രോഫി: പെരുമാറ്റച്ചട്ടത്തിലെ മാറ്റങ്ങൾ അംഗീകരിച്ചു
1581579
Tuesday, August 5, 2025 11:54 PM IST
കുമരകം /ആലപ്പുഴ: പുന്നമട കായലിൽ 30ന് നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന ടീമംഗങ്ങൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തിൽ വരുത്തിയ ഭേദഗതികൾക്ക് ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം .
പ്രധാന മാറ്റങ്ങൾ
വള്ളങ്ങൾ സ്റ്റാർട്ടിംഗ് പോയിന്റിൽ കൃത്യമായി ക്രമീകരിക്കുന്നതിനും ചുണ്ട്/ തലമരം ഫിനിഷിംഗ് പോയിന്റ് ടച്ച് ചെയ്യുന്നത് കൃത്യമായി കാണുന്നതിനും വേണ്ടി വള്ളങ്ങളുടെ നമ്പർ പ്ലേറ്റ് മുമ്പിൽ കെട്ടിവയ്ക്കാൻ പാടില്ല. എൻ ടി ബി ആർ നൽകുന്ന സ്റ്റിക്കർ രൂപത്തിലുളള നമ്പർ പ്ലേറ്റ് കൂമ്പിന് തൊട്ടുപിന്നിൽ പതിക്കണം. ചുണ്ടൻ വള്ളങ്ങളുടെ കൂമ്പ് മറയുംവിധം ഒന്നും പ്രദർശിപ്പിക്കാൻ പാടില്ല.
ജഡ്ജസിന്റെ വിധി കൃത്യമായി നടപ്പാക്കുന്നതിനായി മൂന്നു തട്ടിൽ ഇരിപ്പടം ഒരുക്കി കാഴ്ച വ്യക്തത വരുത്തും. ഫിനിഷിംഗ് പോയിന്റിൽ ഒരേ രൂപത്തിലും വലുപ്പത്തിലും ഉള്ള അഞ്ച് തൂണുകൾ സ്ഥാപിക്കുന്നതാണ്. ഫിനിഷിംഗ് പോയിന്റ് ടച്ച് ചെയ്യുന്നത് പകർത്താൻ ഇരുവശവും ക്യാമറ സംവിധാനം ഒരുക്കും.
ഫിനിഷിംഗ് പോയിന്റ് വെർച്വൽ ലൈൻ ഉപയോഗിച്ചുള്ള ഇൻഡിവിജ്വൽ ടൈമിംഗ് സിസ്റ്റം ക്രമീകരിച്ച് സംശയനിവാരണം വരുത്തും. ടൈമേഴ്സ് കൃത്യതയോടെ ടൈം സ്ക്രീനിൽ പ്രദർശിപ്പിക്കും. ഫിനിഷിംഗ് പോയിന്റ് ടച്ച് ചെയ്യുന്ന വള്ളങ്ങളുടെ സ്ഥാനക്രമം അനുസരിച്ച് 1,2,3,4 സമയക്രമം കൃത്യമായി ജനം കാണുംവിധം സ്ക്രീനിൽ പ്രദർശിപ്പിക്കും.
വള്ളങ്ങളുടെ സമയക്രമം ഇനിമുതൽ മിനിട്ടിനും സെക്കൻഡിനും ശേഷം മില്ലി സെക്കൻഡായി (3 ഡിജിറ്റ്) നിജപ്പെടുത്തുന്നതാണ്. അപ്രകാരം നോക്കുമ്പോൾ ഒരേപോലെ ഒന്നിലധികം വള്ളങ്ങൾ ഫിനിഷ് ചെയ്തിട്ടുളളതായി കണ്ടാൽ ഇത്തരത്തിൽ ഒരേ പോലെ
ഫിനിഷ് ചെയ്ത വള്ളങ്ങളെ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കുന്നതാണ്. അങ്ങനെ വന്നാൽ ആറ് മാസം വീതം നെഹ്രുട്രോഫി കൈവശം വയ്ക്കാവുന്നതും ആദ്യ ആറ് മാസം ആർക്ക് എന്നത് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതുമാണ്.
മത്സരത്തിൽ പങ്കെടുക്കുന്ന കളിവളളങ്ങളിൽ രാഷ്ട്രീയവും മതപരവുമായി തോന്നാവുന്ന ചിഹ്നങ്ങൾ പ്രദർശിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കുന്നതല്ല. വളളങ്ങൾക്ക് തടിയുടെ നിറമോ കറുപ്പ് നിറമോ മാത്രമേ പാടുള്ളൂ. മത്സര വള്ളങ്ങളിൽ ഉപയോഗിക്കുന്ന പങ്കായങ്ങൾ, ഇടിയൻ എന്നിവ തടികൊണ്ടുളളതും ഇരുന്ന് തുഴയുന്ന തുഴകൾ പനയിൽ നിർമിച്ചതുമായിരിക്കണം. വിപരീതമായി പ്രവർത്തിക്കുന്ന വള്ളങ്ങളെ കുറിച്ച് മത്സരത്തിന് മുമ്പായി പരാതി ലഭിച്ചാൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.വള്ളങ്ങളുടെ രജിസ്ട്രേഷൻ ഓഗസ്റ്റ് 12 മുതൽ 21 വരെ ആയിരിക്കും.