പാലാ -തൊടുപുഴ റോഡില്‍ അപകടങ്ങൾ തുടർക്കഥ; ജോമോളുടെ വേര്‍പാടില്‍ വിതുന്പി നാട്
1581580
Tuesday, August 5, 2025 11:54 PM IST
പാലാ: മകളെ സ്കൂളിലാക്കാന്‍ സ്കൂട്ടറില്‍ പോയ ജോമോളുടെ യാത്ര അന്ത്യയാത്രയായിരുന്നെന്ന് വിശ്വസിക്കാനാകാതെ ഭര്‍ത്താവ് സുനിലും നാട്ടുകാരും. അപകടവിവരം അറിഞ്ഞ് പാലാ ആശുപത്രിയില്‍ എത്തിയ സുനിലിനെ കാത്തിരുന്നത് പ്രിയതമയുടെ മരണവാര്‍ത്തയായിരുന്നു. അമ്മയ്ക്കൊപ്പം ടാറ്റാ പറഞ്ഞ് സ്കൂളിലേക്കു പോയ മകളെ തെരഞ്ഞപ്പോള്‍ അറിഞ്ഞത് അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലാണെന്ന്.
അവിടെനിന്ന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിയപ്പോള്‍ നില ഗുരുതരമെന്നും വാര്‍ത്ത. പയപ്പാര്‍ അല്ലാപ്പാറയിലെ വീടിന് വിളിപ്പാടകലെ പാലാ-തൊടുപുഴ റോഡില്‍ മുണ്ടാങ്കലില്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ സുനിലിന്റെ ഭാര്യ ജോമോളായിരുന്നു.
ഭാര്യക്കൊപ്പം പാലായിലെ സ്കൂളിലേക്കു പോയ ഏകമകള്‍ അന്നമോള് അപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റി ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന ഡോക്ടര്‍മാര്‍ അറിയിച്ചതോടെ സുനിലിന്റെ സങ്കടം നിയന്ത്രണം വിട്ടു.
പാലായില്‍ ടെമ്പൊ ഡ്രൈവറായ സുനില്‍ രാവിലെ വീട്ടില്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കേയാണ് ഭാര്യ ജോമോള്‍ പതിവുപോലെ അന്നമോളെ പാലായിലെ സ്കൂളിലാക്കാന്‍ രാവിലെ ഒന്‍പതോടെ സ്കൂട്ടറില്‍ യാത്ര പുറപ്പെട്ടത്. ഭാര്യ ഓടിച്ച സ്കൂട്ടര്‍ മുണ്ടാങ്കലില്‍ അപകടത്തില്‍പ്പെട്ടെന്ന് സുഹൃത്ത് വിളിച്ചുപറഞ്ഞതറിഞ്ഞാണ് സുനില്‍ പാലാ ആശുപത്രിയില്‍ എത്തിയത്. അപ്പോഴേക്കും ജോമോള്‍ മരിച്ചിരുന്നു.
13 വര്‍ഷം മുന്‍പാണ് അല്ലാപ്പാറ പാലക്കുഴിക്കുന്നേല്‍ സുനിലും പാലാ ഇളന്തോട്ടം അമ്മിയാനിക്കല്‍ ബെന്നി-ഐഷ ദമ്പതിമാരുടെ മകള്‍ ജോമോളും വിവാഹിതരായത്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനുശേഷമായിരുന്നു അന്നമോളുടെ ജനനം. ജോമോളാണ് മകളെ സ്കൂട്ടറില്‍ സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്നതും തിരികെ കൂട്ടുന്നതും.
ജോമോള്‍ എല്ലാ വാഹനങ്ങളും ഓടിക്കാനുള്ള ലൈസന്‍സ് ഉള്ള മികച്ച ഡ്രൈവര്‍ കൂടിയാണ്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ജോമോളുടെ മൃതദേഹം അല്ലാപ്പാറ പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടില്‍ എത്തിക്കുമ്പോള്‍ വലിയൊരു ജനാവലി കാത്തുനിന്നിരുന്നു. എല്ലാവരോടും സ്നേഹത്തോടെ ഇടപഴകിയിരുന്ന ജോമോളുടെ വേര്‍പാട് നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
ധന്യ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി
പാലാ: സ്വന്തമായൊരു വീട് ധന്യയുടെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞുനിന്നിരുന്നു. പാലാ -തൊടുപുഴ റോഡില്‍ കാറ് സ്കൂട്ടറുകളിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച സ്തീകളിലൊരാളായ ധന്യയും ഭര്‍ത്താവ് സന്തോഷും ഇതിനുള്ള പ്രയത്നത്തിലായിരുന്നു. ഇതിനാണ് രണ്ടാഴ്ച മുമ്പ് ഭര്‍ത്താവ് സന്തോഷ് മലേഷ്യയില്‍ ജോലിക്ക് പോയത്. ഭര്‍ത്താവിന്റെ നാടായ ഉപ്പുതറയില്‍നിന്നും ആറുവര്‍ഷം മുമ്പ് ഈ കുടുംബം മേലുകാവ് മറ്റത്ത് താമസമാക്കി. വീട് വയ്ക്കാന്‍ പിന്നീട് സ്വന്തമായി സ്ഥലവും വാങ്ങി.
സന്തോഷ് സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ധന്യ തപാല്‍ ഓഫീസില്‍ അവധി ഒഴിവുകളില്‍ താത്കാലികമായി ജോലി നോക്കിവരികയായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഒരു വര്‍ഷം മുമ്പ് പാലായില്‍ സഹകരണ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ധന്യയുടെ ദുരന്തവാര്ത്തയറിഞ്ഞയുടന് സന്തോഷിന്റെ ഉപ്പുതറയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും പാലായിലെത്തി.