മെഡിക്കൽ കോളജിലെ തകർന്ന കെട്ടിടം പൊളിച്ചുനീക്കൽ : ചർച്ച പൊളിക്കുന്നു!
1581792
Wednesday, August 6, 2025 7:18 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ചിട്ട് ഒരു മാസം പിന്നിട്ടെങ്കിലും തകർന്നുവീണ കെട്ടിടം പൊളിക്കുന്നതിൽ അന്തിമ തീരുമാനമായില്ല. അപകടത്തെത്തുടർന്ന് രോഗികളും ജനങ്ങളും ഭീതിയിലാണ്.
കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പും ഡിഎംഇയും ഗാന്ധിനഗർ പൊതുമരാമത്ത് കെട്ടിടവിഭാഗം അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. കെട്ടിടം പൂർണമായും പൊളിച്ചുനീക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച പരിശോധനകൾ നടത്തിവരികയാണ്.
കെട്ടിടം ഭാഗികമായി പൊളിച്ച് അപകടകരമല്ലാത്ത ഭാഗം ഉപയോഗിക്കാൻ കഴിയുമോയെന്നാണ് ഡിഎംഇ തലത്തിലെ ആലോചന. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം കെട്ടിടം പൊളിച്ചുനീക്കുന്നതിന് 1.4 കോടിയുടെ പദ്ധതി ഗാന്ധിനഗർ പൊതുമരാമത്ത് കെട്ടിടവിഭാഗം സമർപ്പിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും ഡിഎംഇയുടെയും അനുമതി ലഭിച്ചാൽ മാത്രമേ കെട്ടിടം പൊളിച്ചുനീക്കാൻ സാധിക്കുകയുള്ളൂവെന്ന് ഗാന്ധിനഗർ പൊതുമരാമത്ത് വിഭാഗം അധികൃതർ അറിയിച്ചു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി വീട്ടമ്മ ബിന്ദു മരിച്ചതോടെ കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന എല്ലാ ചികിത്സാ വിഭാഗങ്ങളും പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് അടിയന്തരമായി മാറ്റിയിരുന്നു. കാലപ്പഴക്കത്തെത്തുടർന്നാണ് ആശുപത്രിയിലെ ശുചിമുറി ഭാഗം തകർന്നുവീണത്.
10 മുതൽ 15 വരെയുള്ള വാർഡുകളും പ്രധാന ശസ്ത്രക്രിയാ തിയറ്ററും ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന സിഎസ്ആർ വിഭാഗവും ഇവിടെ പ്രവർത്തിച്ചിരുന്നു. 14-ാം വാർഡിന്റെ ശുചിമുറിയാണ് തകർന്നുവീണത്.
എന്നാൽ, തിയറ്ററിന്റെ പ്രവർത്തനം പുതിയ ബ്ലോക്കിൽ തുടങ്ങിയില്ല. അത്യാഹിത വിഭാഗത്തിലുള്ള തിയറ്ററിലാണ് ഇപ്പോൾ ശസ്ത്രക്രിയ നടക്കുന്നത്. എന്നാൽ, സിഎസ്ആർ മുറി പുതിയ ബ്ലോക്കിലേക്കു മാറ്റിയിരുന്നു. കാലപ്പഴക്കത്തെത്തുടർന്ന് തകർന്നുവീണ കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ ഇവിടെ ആശുപത്രി ജീവനക്കാരുടെ സൊസൈറ്റിയുടെ ഷോപ്പിംഗ് സ്ഥാപനം മാത്രമാണ് പ്രവർത്തിക്കുന്നത്.