ബെൽജിയംകാരിക്ക് നായസ്നേഹം; നാട്ടുകാർക്ക് രോഷം
1581793
Wednesday, August 6, 2025 7:18 AM IST
കുമരകം: ബെൽജിയത്തിൽനിന്ന് കുമരകത്തെത്തിയ വനിതയ്ക്ക് നായ്ക്കുട്ടികളോട് കാരുണ്യമേറെ. ബെൽജിയം സ്വദേശിനി പാസ്ക്കിളിനാണ് തെരുവുനായ്ക്കുട്ടികളോടു വാത്സല്യം. കുമരകം ബോട്ടുജെട്ടിയിലെ തെരുവുനായ്ക്കുട്ടികളെയാണ് പാലും ബിസ്കറ്റും നൽകി ഇവർ പരിപാലിക്കുന്നത്.
രണ്ടു ദിവസമായി ജെട്ടിക്കു സമീപമുള്ള തറവാട് ഹെറിറ്റേജ് ഹോമിൽ താമസിക്കുന്ന പാസ്ക്കിൾ ഒപ്പമുള്ള ഗൈഡ് മധ്യപ്രദേശുകാരൻ ധർമേശിനൊപ്പമാണ് മൂന്നുനേരം ബോട്ടുജെട്ടിയിലെത്തി നായ്ക്കളെ പരിപാലിക്കുന്നതെന്ന് സമീപവാസികൾ പറഞ്ഞു.
കുമരകത്തെ കായൽ ഭംഗി ആസ്വദിക്കാനെത്തി അനാഥ നായ്ക്കുട്ടികൾക്ക് പോറ്റമ്മയായി മാറിയിരിക്കുകയാണ് പാസ്ക്കിൾ. വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത് തെരുവുനായ ശല്യം വർധിച്ചു വരുന്നതിൽ ജനരോഷം ഏറുന്ന സാഹചര്യത്തിലാണ് വിദേശ വനിതയുടെ നായസ്നേഹം.