അഖില കേരള ശങ്കേഴ്സ് ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ ഒന്‍പതിന്
1581796
Wednesday, August 6, 2025 7:18 AM IST
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രവും ന്യൂഡല്‍ഹി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന 28-ാമത് അഖില കേരള ശങ്കേഴ്സ് ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ ഒന്പതിനു രാവിലെ 10ന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ സ്മരണയ്ക്കായി ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റ് നടത്തുന്ന രാജ്യാന്തര ചിത്രരചനാ മത്സരങ്ങളുടെ ഭാഗമായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഏഴു വിഭാഗങ്ങളിലായിട്ടാണ് മത്സരം. രാവിലെ 10ന് നഴ്സറി ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക കളറിംഗ് മത്സരവും കാര്‍ട്ടൂണ്‍ മത്സരവും നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളുടെ പെയിന്റിംഗ് മത്സരവും മുതിര്‍ന്നവര്‍ക്കുള്ള കാരിക്കേച്ചര്‍ മത്സരങ്ങളും നടക്കും. മുതിര്‍ന്നവര്‍ക്കായുള്ള കാരിക്കേച്ചര്‍ മത്സരത്തിന് പ്രായപരിധിയില്ല. എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ന്യൂഡല്‍ഹി ബുക്ക് ട്രസ്റ്റ് വക വെള്ളി മെഡലുകളും കാഷ് അവാര്‍ഡുകളും ലഭിക്കും.
കൂടാതെ മികച്ച പെയിന്റിംഗിനും കാര്‍ട്ടൂണിനും ശങ്കേഴ്സ് അവാര്‍ഡും ദര്‍ശന സാംസ്കാരിക കേന്ദ്രവും ഡിസി ബുക്ക്സും നല്കുന്ന ട്രോഫികളും ഓരോ ഗ്രൂപ്പിലും 25 പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. മത്സരത്തില്‍ പങ്കുചേരുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനപാക്കറ്റുകള് നല്‍കും. കാരിക്കേച്ചര്‍ മത്സരത്തില്‍ ഏറ്റവും നല്ല സൃഷ്ടിക്ക് 1001 രൂപ ഒന്നാം സമ്മാനമായി ലഭിക്കും.
മത്സരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ദർശന സാംസ്കാരിക കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 9447008255, 9188520400.