ഉന്നതശേഷിയുള്ള സൂപ്പര്‍കപ്പാസിറ്റര്‍ നിര്‍മാണം: നിര്‍ണായക നേട്ടവുമായി പാമ്പാടി എസ്ആര്‍ഐബിഎസ്
1581800
Wednesday, August 6, 2025 7:18 AM IST
കോട്ടയം: വൈദ്യുതിവാഹന മേഖലയിലടക്കം നിര്‍ണായക മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന ഗവേഷണ സംരംഭങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച് പാമ്പാടി ശ്രീനിവാസ രാമാനുജന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സസ് (എസ്ആര്‍ഐബിഎസ്).
ടൈറ്റാനിയം ഡയോക്സൈഡ് നാനോട്യൂബ് ഇലക്ട്രോഡുകള്‍ ഉപയോഗിച്ച് താപനില നിയന്ത്രിത വാട്ടര്‍ ബാത്ത് അനോഡൈസേഷന്‍ രീതിവഴി (temperature controlled water bath anodization technique) ഉയര്‍ന്ന ശേഷിയുള്ള സൂപ്പര്കപ്പാസിറ്ററുകള് നിര്‍മിക്കാനാകുമെന്ന് എസ്ആര്ഐബിഎസിലെ എമിറേറ്റ്സ് സയന്റിസ്റ്റ് ഡോ. റേച്ചല്‍ റീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ഗവേഷണത്തില്‍ കണ്ടെത്തി. പ്രോജക്ട് ഫെലോ ആര്‍ദ്ര അജിത്തുമായി ചേര്‍ന്നുള്ള ഈ ഗവേഷണഫലം നിലവില്‍ പേറ്റന്റ് ലഭിക്കാനായി സമര്‍പ്പിച്ചിരിക്കുകയാണ്.
ബാറ്ററികള്‍ പോലെ ഊര്‍ജസംഭരണ ഉപകരണങ്ങളാണ് സൂപ്പര്കപ്പാസിറ്ററുകള്. പെയിന്റ്, ടൂത്ത്പേസ്റ്റ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഭക്ഷ്യനിറങ്ങള്‍ എന്നിവയിലൊക്കെ ഉപയോഗിക്കുന്ന പ്രകൃതിദത്ത സംയുക്തമായ ടൈറ്റാനിയം ഡയോക്സൈഡിനു അര്‍ധചാലക (semiconducting) സ്വഭാവമുണ്ട്. ഈ സവിശേഷത സോളാര്‍ സെല്ലുകള്‍, സെന്‍സറുകള്‍, ബാറ്ററികള്‍, സൂപ്പര്‍ കപ്പാസിറ്ററുകള്‍ എന്നിവയ്ക്ക് അനുയോജ്യമാണ്. നൂതനമായ താപനില-നിയന്ത്രിതവാട്ടര് ബാത്ത് അനോഡൈസേഷന്‍ സാങ്കേതികവിദ്യ വഴി ബ്രൂക്കൈറ്റ്-ടൈറ്റാനിയം ഡയോക്സൈഡ് (ബി) എന്ന മിശ്രിതഘട്ടം രൂപപ്പെടുത്തി പവര്‍ സാന്ദ്രതയില്‍ വിട്ടുവീഴ്ചയില്ലാതെ 100 വാള്‍ട്ടിനു മുകളില്‍ ഊര്‍ജസാന്ദ്രത നേടാനായത് ഡോ. റേച്ചലിന്റെ നേതൃത്വത്തിലുള്ള ഗവേഷണത്തില്‍ നേട്ടമായി.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള എസ്ആര്‍ഐബിഎസ് ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിത ശാസ്ത്രം, കംപ്യൂട്ടേഷണല്‍ സയന്‍സസ് തുടങ്ങിയ മേഖലകളില്‍ നവീന ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനായാണ് സ്ഥാപിച്ചത്. മുതിര്‍ന്ന ശാസ്ത്രജ്ഞനും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ഡയറക്ടര്‍ ഡോ.സി.എച്ച്. സുരേഷാണ് നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ നയിക്കുന്നത്. 100 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന സൂപ്പര്‍കംപ്യൂട്ടിംഗ് സെന്ററാണ് നിലവില്‍ നടക്കുന്ന പ്രധാന വികസനപദ്ധതികളിലൊന്ന്.