വഴിയും വെള്ളവുമില്ല; ലൈഫ് വീട് നിർമാണം വൈകുന്നു
1581803
Wednesday, August 6, 2025 7:30 AM IST
തലയോലപ്പറമ്പ്: അടിസ്ഥാനസൗകര്യമൊരുക്കാതെ കുന്നിൻമുകളിൽ ഭൂരഹിതർക്ക് ലൈഫ് പദ്ധതിയിൽ വീട് നിർമിക്കുന്നത് ഗുണഭോക്താക്കൾക്കു തിരിച്ചടിയായി. പൊതിപാലത്തിനു വടക്കുഭാഗത്ത് ഒന്നരക്കിലോമീറ്റർ കയറ്റവും ഇറക്കവും താണ്ടിയെത്തുന്ന പാമ്പുരുളേൽ കുന്നിൻപുറത്താണ് തലയോലപ്പറമ്പ് പഞ്ചായത്തിലെ 12 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതി പ്രകാരം വീട് തീർക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതെയാണ് വീട് നിർമിക്കുന്നതെന്നാണ് ജനങ്ങളുടെ പരാതി. 2019-20 സാമ്പത്തിക വർഷത്തിൽ ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്ത് ഏറ്റെടുത്തു നൽകിയ 36 സെന്റ് സ്ഥലത്ത് വൈക്കം റോട്ടറി ക്ലബ്ബാണ് വീടുകൾ നിർമിച്ചു നൽകുന്നത്. 12 കുടുംബങ്ങൾക്ക് മൂന്നു സെന്റ് സ്ഥലത്ത് വീട് നിർമിക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. ഏഴു വീടുകൾ പൂർണമായും നാലു വീടുകൾ ഭാഗികമായിയും പൂർത്തീകരിച്ചു. ഒരു വീടിന്റെ പണി ആരംഭിക്കാനുണ്ട്.
കുടിവെള്ളവും വീടുകളിലേക്ക് റോഡും ഇല്ലാത്തതിനാൽ പൂർത്തിയായ വീടുകളുടെ താക്കോൽ കൈമാറാനായില്ല. ജൽ ജീവൻ മിഷൻ മുഖേന മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം ഉറപ്പുവരുത്തിയപ്പോൾ ഇവിടെ നിർമാണം പൂർത്തിയായ വീടുകൾക്ക് നമ്പർ നൽകി കുടിവെള്ള കണക്ഷനെടുക്കാൻ കഴിയുമായിരുന്നുവെങ്കിലും ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതർ അനുഭാവപൂർവം നടപടി സ്വീകരിച്ചില്ലെന്ന് ഗുണഭോക്താക്കൾ ആരോപിക്കുന്നു.
കുടിവെള്ള ടാങ്കറിൽ വെള്ളം എത്തിച്ചാണ് റോട്ടറി ക്ലബ് വീടുകളുടെ നിർമാണം നടത്തിവരുന്നത്. ഇത് നിർമാണപ്രവർത്തനങ്ങൾ വൈകുന്നതിന് ഇടയാക്കിയതായി റോട്ടറി ഭാരവാഹികളും പറഞ്ഞു.
ഭൂമാഫിയയുടെ ഇടപെടലുണ്ടായി
ഭൂമാഫിയയുടെ ഇടപെടലിനെത്തുടർന്നാണ് നിർധനർക്ക് വീടുനിർമിക്കുന്നതിന് പഞ്ചായത്ത് വലിയൊരു കുന്ന് കണ്ടെത്തിയത്. മണ്ണെടുത്ത് ഇടനിലക്കാർ ലക്ഷങ്ങൾ സമ്പാദിച്ചു.12 കുടുംബങ്ങൾക്ക് റോഡ്, മൂന്നു സെന്റ് വീതം വസ്തുവുമെന്നത് അട്ടിമറിക്കപ്പെട്ടു. കുടുംബങ്ങൾക്ക് രണ്ടരസെന്റ് വസ്തുവീതമേ ഇപ്പോഴുള്ളൂ.
ജോസ് വേലിക്കകം
(പ്രതിപക്ഷനേതാവ്
തലയോലപ്പറമ്പ് പഞ്ചായത്ത്)
അടിസ്ഥാന സൗകര്യമൊരുക്കി വീടുകൾ കൈമാറണം
12 കുടുംബങ്ങളും വർഷങ്ങളായി വാടകയ്ക്കാണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ വീടുകളുടെ താക്കോൽ കൈമാറുമെന്നാണ് 2021ൽ പഞ്ചായത്ത് ഉറപ്പുനൽകിയിരുന്നത്. പഞ്ചായത്ത് നടപടി ത്വരിതപ്പെടുത്തി ദുരിത ജീവിതത്തിന് അറുതിവരുത്തണം.
ആർ. ശശികുമാർ
(കലാഭവൻ, തലയോലപ്പറമ്പ്)
കൂടുതൽ പണം ചെലവായി
പഞ്ചായത്ത് കണ്ടെത്തി നൽകിയ കുന്ന് നിരപ്പാക്കാതെ വീടുകൾ പണിയാൻ സാധിക്കില്ലായിരുന്നു. മണ്ണെടുത്ത് ലഭിച്ച തുകയുടെ രണ്ടിരട്ടി പാറ പൊട്ടിക്കുന്നതിനും യന്ത്രത്തിന്റെ വാടകയായും മണ്ണെടുക്കാനുള്ള പെർമിറ്റ് ഇനത്തിലും ചെലവായി. കുടുംബങ്ങൾക്ക് നടന്നുപോകാൻ കഴിയുന്ന സൗകര്യപ്രദമായ വഴി നിർമിച്ചു നൽകും. കൂടുതൽ സൗകര്യപ്രദമായ വഴി പഞ്ചായത്ത് പൂർത്തിയാക്കണം.
വൈക്കം റോട്ടറിക്ലബ്
ഭാരവാഹികൾ.
കുടിവെള്ളം ഉടൻ ലഭ്യമാക്കും
പണിപൂർത്തിയായ ഏഴ് വീടുകൾക്കു പഞ്ചായത്ത് ഇടപെട്ട് വൈദ്യുതി ലഭ്യമാക്കി. മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തിയാകുമ്പോൾ ജൽ ജീവൻ മിഷൻവഴി കുടിവെള്ളം നൽകുന്നതിന് അധികൃതരുമായി ധാരണയിലെത്തിയിട്ടുണ്ട്. കുടുംബങ്ങൾക്കുള്ള റോഡ് റോട്ടറി ക്ലബ് നിർമിച്ചു നൽകുമെന്നാണ് പറഞ്ഞിരുന്നത്.
ഷിജി വിൻസെന്റ്
(പ്രസിഡന്റ്,
തലയോലപ്പറമ്പ്
പഞ്ചായത്ത്).