ദൈവവചനസഭ ശതോത്തര സുവര്‍ണ ജൂബിലി നിറവിൽ
1581804
Wednesday, August 6, 2025 7:30 AM IST
കടുത്തുരുത്തി: 1875-ല്‍ ആരംഭിച്ച ദൈവവചനസഭ (എസ്വിഡി) യുടെ ശതോത്തര സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ കടുത്തുരുത്തി എസ്വിഡി പ്രാര്ഥനാനികേതന് ഫാമിലി റിന്യൂവല്‍ സെന്ററില്‍ ഹാര്‍മണി 25 ദമ്പതി കണ്വന്ഷന് നടക്കും. കണ്വന്ഷന് ചങ്ങനാശേരി ആർച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, അതിരമ്പുഴ കാരിസ്ഭവന് ഡയറക്ടര്‍ ഫാ. ബിജില്‍ ചക്യത്ത് എംഎസ്എഫ്എസ്, ഷെക്കീന മിനിസ്ട്രിക്ക് നേതൃത്വം നല്കുന്ന ബ്രദര്‍ സന്തോഷ് കരുമാത്ര എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് എസ്വിഡി പ്രാര്‍ഥനാ നികേതന്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജൂബിലി സമാപനം പത്തിന് വൈകുന്നേരം 4.30ന് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. എസ്വി ഡി സഭയുടെ ബൈ പ്രോവിന്‍ഷ്യാൾ ഫാ. ടോമി തോമസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിൽ മുഖ്യപ്രഭാഷണം നടത്തും. മോന്‍സ് ജോസഫ് എംഎല്‍എ പങ്കെടുക്കും.
ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ എട്ടുവരെയാണ് കണ്വന്ഷന് നടക്കുന്നത്. ദൂരെനിന്നും വരുന്ന ദമ്പതികള്‍ക്ക് ബുക്ക് ചെയ്താല്‍ താമസസൗകര്യം ലഭിക്കുമെന്നും കണ്വന്ഷന് ദിനങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെ ഫാമിലി കൗണ്‍സലിംഗിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കണ്വന്ഷന് ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും കുമ്പസാരവും ഉണ്ടായിരിക്കും. പാര്‍ക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
1875 സെപ്റ്റംബര്‍ മാസം എട്ടിന് ഹോളണ്ടിലെ സ്റ്റൈല്‍ എന്ന സ്ഥലത്താണ് വിശുദ്ധ അര്‍നോള്‍ഡ് ജാന്സണ് ദൈവവചന സഭ (എസ്വിഡി ) സ്ഥാപിച്ചത്. ഈ വര്‍ഷം ദൈവവചന സഭ ശതോത്തര സുവര്‍ണ ജൂബിലി നിറവില്‍ (150) എത്തുമ്പോള്‍ മൂന്ന് അംഗങ്ങളില്‍ ആരംഭിച്ച സഭ ഇന്ന് എണ്‍പതോളം രാജ്യങ്ങളിലായി 6,000 ലധികം മിഷണറിമാര്‍ ദൈവവചന പ്രഘോഷകരായി സേവനം ചെയ്യുന്നു.
ഈശോയെ അറിയാത്ത, സുവിശേഷം ഇനിയും കടന്നുചെന്നിട്ടില്ലാത്ത സ്ഥലങ്ങളില്‍ സുവിശേഷമറിയിക്കുക എന്നതാണ് ദൈവവചന മിഷനറിയുടെ പ്രഥമവും പ്രധാനവുമായ കടമ. എസ്വിഡി സഭയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിച്ചത് 1959ല്‍ കടുത്തുരുത്തിയിലാണ്.
ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി ദമ്പതി ധ്യാനങ്ങള്‍ ആരംഭിച്ചത് എസ്വിഡി പ്രാര്ഥനാനികേതനിലാണ്. നാലു പതിറ്റാണ്ടുകളിലായി പതിനായിരക്കണക്കിന് ദമ്പതികള്‍ ഇവിടെ നടന്ന ദമ്പതീധ്യാനങ്ങളില് പങ്കെടുത്തിട്ടുണ്ട്.
പരിപാടികളെക്കുറിച്ചു വിശദീകരിക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തില്‍ എസ്വി ഡി ഡയറക്ടര്‍ ആൻഡ് സുപ്പീരിയര്‍ ഫാ. ടൈറ്റസ് തട്ടാമറ്റത്തില്‍, പ്രൊക്യുറേറ്റര്‍ ഫാ. ചാക്കോ പാറേക്കാട്ട് എന്നിവര്‍ പങ്കെടുത്തു.