വിദേശത്ത് ബിസിനസ് പങ്കാളിത്തം നല്‍കാമെന്നു പറഞ്ഞ് 16 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
1581805
Wednesday, August 6, 2025 7:30 AM IST
കടുത്തുരുത്തി: ദുബായില്‍ ജോലി ചെയ്യുന്ന യുവാവ് കേരളത്തില്‍ നിന്നും ആയുര്‍വേദ ഉത്പന്നം കയറ്റുമതി ചെയ്ത് ദുബായില്‍ വിറ്റഴിക്കുന്ന സ്ഥാപനം തുടങ്ങാമെന്ന് പറഞ്ഞ് പട്ടികജാതിക്കാരിയായ അവിവാഹിതയില്നിന്ന് 16,00,500 രൂപ തട്ടിയെടുത്തതായി പരാതി.
മാഞ്ഞൂര്‍ മേമ്മുറി കൊല്ലംപറമ്പില്‍ പി.കെ. രത്നവല്ലിയാണ് പരാതിക്കാരി. ഇവരുടെ അയല്‍വാസികളായ ഉണ്ണാടംപറമ്പില് അലക്സ് ജോര്‍ജ് ജയിംസ്, ഇയാളുടെ മാതാവ് റോസമ്മ ജയിംസ് എന്നിവര്‍ ചേര്‍ന്ന് 2022 ഡിസംബര്‍ 22 മുതല്‍ 2025 ജനുവരി എട്ടുവരെയുള്ള കാലയളവില്‍ പല തവണകളായി അക്കൗണ്ട് വഴിയും നേരിട്ടും 16 ലക്ഷത്തി 500 രൂപ കൈപ്പറ്റിയെന്ന് രത്നവല്ലി കടുത്തുരുത്തി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പരാതിക്കാരി വൈക്കം കോടതിയില്‍ ഇതു സംബന്ധിച്ചു കേസ് നല്‍കിയിരുന്നു. കേസ് പരിഗണിച്ച കോടതിയുടെ നിര്‍ദേശപ്രകാരമാണ് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന തനിക്കുനേരേ എതിര്‍കക്ഷികള്‍ ഭീഷണിമുഴക്കുന്നതായും രത്നവല്ലി പറയുന്നു.