ഭൂരിപക്ഷം നഷ്ടപ്പെട്ട് എല്‍ഡിഎഫ്: ചങ്ങനാശേരി നഗരഭരണം പ്രതിസന്ധിയിൽ
1581810
Wednesday, August 6, 2025 7:30 AM IST
ചങ്ങനാശേരി: കൂറുമാറി എല്‍ഡിഎഫ് പക്ഷത്തെത്തി ഇടതിനു ഭരണം ഉറപ്പിച്ച രണ്ടു കൗണ്‍സിലര്‍മാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കിയതോടെ ചങ്ങനാശേരി നഗരഭരണം പ്രതിസന്ധിയിലായി. കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് മുന്‍കാലങ്ങളില്‍ ഉണ്ടായതുപോലെതന്നെ നഗരഭരണത്തില്‍ പ്രതിസന്ധി വന്നെത്തിയത്.
ആകെയുള്ള 37 കൗണ്‍സിലര്‍മാരില്‍ രണ്ടുപേര്‍ അയോഗ്യരാക്കപ്പെട്ടതോടെ അംഗസംഖ്യ 35 ആയി കുറഞ്ഞു. അവിശ്വാസ പ്രമേയം പാസാക്കാന്‍ 19 അംഗങ്ങളുടെ പിന്തുണ വേണമെന്നാണ് കണക്ക്. ഇതുമൂലം യുഡിഎഫിന് അവിശ്വാസ പ്രമേയനീക്കം അത്ര എളുപ്പമാകില്ല.
ഭരണത്തില്‍ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണകക്ഷിയായ എല്‍ഡിഎഫിന് സ്വതന്ത്രാംഗമായ ബീന ജോബി ഉള്‍പ്പെടെ 17 അംഗങ്ങളെയുള്ളൂ. യുഡിഎഫിന് മൂന്ന് സ്വതന്ത്രര്‍ ഉള്‍പ്പെടെ 15 അംഗങ്ങളും ബിജെപിക്ക് മൂന്ന് അംഗങ്ങളുമാണുള്ളത്. ഭരണകക്ഷിക്ക് പതിനേഴും ബിജെപി അടക്കം പ്രതിപക്ഷത്തിന് പതിനെട്ടും അംഗങ്ങളുള്ളതിനാല്‍ ഭരണപരമായ തീരുമാനങ്ങള്‍ക്കു ബുദ്ധിമുട്ടുകള്‍ നേരിടും. കൗണ്‍സില്‍ യോഗങ്ങളും സുഗമമാകണമെന്നില്ല. വോട്ടിംഗ് വരുന്ന സാഹചര്യങ്ങളും നിര്‍ണായകമാകും.
കോടതിയില്‍ അപ്പീല്‍ നല്‍കും
തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരായി പ്രഖ്യാപിച്ച നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് അയോഗ്യരാക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് അംഗങ്ങളായ രാജു ചാക്കോയും ബാബു തോമസും പറഞ്ഞു.
ഭരണ പ്രതിസന്ധിയില്ല
ചങ്ങനാശേരി: തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് അംഗങ്ങളെ അയോഗ്യരാക്കിയ സാഹചര്യത്തില്‍ നഗരഭരണത്തില്‍ പ്രതിസന്ധിയില്ലെന്നും ഭരണകാര്യങ്ങള്‍ സുഗമമമായി നടക്കുമെന്നും ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരനും വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജും പറഞ്ഞു.
കോണ്‍ഗ്രസ് പ്രകടനവും സമ്മേളനവും നടത്തി
ചങ്ങനാശേരി: നഗരസഭയില്‍ കൂറുമാറി വോട്ടുചെയ്ത രണ്ടു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും സമ്മേളനവും നടത്തി. കെപിസിസി അംഗം ഡോ. അജീസ് ബെന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പി.എച്ച്. നാസര്‍, ആന്റണി കുന്നുംപുറം, സിംസണ്‍ വേഷ്ണാല്‍, കെ.എ. ജോസഫ്, പി.എന്‍. നൗഷാദ്, സിയാദ് അബ്ദുള്‍ റഹ്മാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.