മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും അംഗീകരിച്ചു : വേളാങ്കണ്ണി സര്‍വീസ് നടത്തിപ്പ് കെഎസ്ആര്‍ടിസിക്കു കൈമാറും
1581812
Wednesday, August 6, 2025 7:35 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയില്‍നിന്നു കഴിഞ്ഞ 25 വര്‍ഷക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന ചങ്ങനാശേരി - വേളാങ്കണ്ണി സര്‍വീസ്, സ്വിഫ്റ്റ് കോര്‍പറേഷനില്‍നിന്നു കെഎസ്ആര്‍ടിസി തിരികെയേറ്റെടുത്ത് നടത്തുന്ന രീതിയിലേക്ക് മാറ്റാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറും ഉറപ്പ് നല്‍കിയതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
കാല്‍നൂറ്റാണ്ടു പിന്നിട്ട കെഎസ്ആര്‍ടിസി ഈ ബസ് സര്‍വീസ് സ്വിഫ്റ്റ് കോര്‍പറേഷനു വിട്ടുനല്‍കിയതോടെ വരുമാനം കുത്തനെയിടിഞ്ഞ് അനുദിനം പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്നും ഇങ്ങനെപോയാല്‍ സര്‍വീസ് നിന്നുപോകുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി ദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിനാല്‍, ഗതാഗതമന്ത്രി ഇടപെട്ട് സര്‍വീസിന്റെ നടത്തിപ്പ് കെഎസ്ആര്‍ടിസിക്ക് തിരികെ നല്കി സൂപ്പര്‍ എക്സ്പ്രസായി സര്‍വീസ് ഓപ്പറേറ്റു ചെയ്യണമെന്നും ദീപിക വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ജോബ് മൈക്കിള്‍ എംഎല്‍എ ഇന്നലെ മുഖ്യമന്ത്രിയേയും ഗതാഗതമന്ത്രിയേയും നേരില്‍ക്കണ്ട് ഈ വിഷയം സംബന്ധിച്ച് നിവേദനം നല്‍കിയത്. പരിശോധന നടത്തി എത്രയും വേഗം സര്‍വീസ് പഴയ രീതിയില്‍ ആക്കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും ഉറപ്പു നല്‍കിയതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
വേളാങ്കണ്ണി സര്‍വീസ് കെഎസ്ആര്‍ടിസിക്ക് തിരികെ നല്കാന് തീരുമാനമെടുത്ത മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ഇതിനു വേണ്ട നിവേദനം സമര്‍പ്പിച്ച എംഎല്‍എ എന്നിവരെ പാസഞ്ചേഴ്സ് അസോസിഷന് അഭിനന്ദിച്ചു.