കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെന്റർ രജതജൂബിലി ആഘോഷം
1581820
Wednesday, August 6, 2025 10:33 PM IST
കോരുത്തോട്: ക്രൈസ്തവ സഭയുടെ ആതുരശുശ്രൂഷയുടെ ചൈതന്യം ക്രിസ്തുവും ക്രൈസ്തവ ദർശനങ്ങളുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ. ആതുരശുശ്രൂഷാരംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെന്റർ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഷം നീളുന്ന ജൂബിലിയുടെ ഭാഗമായി ആരംഭിക്കുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും നവീകരിച്ച മെഡിക്കൽ ലാബിന്റെയും വെഞ്ചരിപ്പും നടന്നു. പൊതുസമ്മേളനത്തിൽ ആരാധനാ സന്യാസിനിസമൂഹം കാഞ്ഞിരപ്പള്ളി പ്രൊവിൻസ് പ്രൊവിഷ്യൽ സുപ്പീരിയർ സിസ്റ്റർ അമല കിടങ്ങത്താഴെ അധ്യക്ഷത വഹിച്ചു.
പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ലിസ് മരിയ, കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സോജി കന്നാലിൽ, കോരുത്തോട് പഞ്ചായത്ത് മെംബർ ടോംസ് കുര്യൻ, സിസ്റ്റർ അൻസിൻ മാറുകാട്ടുകുന്നേൽ, കരുണാഭവൻ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ക്ലറിൻ ജോസ് പാണ്ടിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
നാല് ഡോക്ടന്മാരുടെ സേവനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ആധുനിക സംവിധാനങ്ങളോടു കൂടിയ മെഡിക്കൽ ലാബും കരുണാഭവൻ മെഡിക്കൽ സെന്ററിൽ ലഭ്യമാണ്.
ജൂബിലി വർഷത്തിൽ കുടിയേറ്റ മേഖലയായ കോരുത്തോടിന്റെയും പരിസര പ്രദേശങ്ങളിലെയും ആരോഗ്യ പ്രവർത്തനങ്ങളുടെ ഹബ്ബയായി കരുണാഭവൻ മെഡിക്കൽ സെന്ററിനെ ഉയർത്തുകയാണ് ലക്ഷ്യമെന്ന് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ക്ലറിൻ ജോസ് പാണ്ടിക്കുന്നേൽപറഞ്ഞു.