വാഴൂർ പഞ്ചായത്ത് നടപടിക്കെതിരായ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി
1581831
Wednesday, August 6, 2025 11:50 PM IST
വാഴൂർ: ഹരിതകമസേനയ്ക്ക് യൂസർ ഫീസ് നൽകാത്തതിനും വീടും പരിസരവും വൃത്തിഹീനമാക്കിയതിനും പിഴ ചുമത്തി റവന്യു റിക്കവറി നടപടികൾ സ്വീകരിച്ച വാഴൂർ പഞ്ചായത്തിനെതിരേ സ്വകാര്യ വ്യക്തി നൽകിയ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി .
വാഴൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ചെങ്കൽ പള്ളിയാണ് പഞ്ചായത്തിനെതിരേ ട്രൈബ്യൂണിനെ സമീപിച്ചത്. ഹരിത കർമസേനയ്ക്ക് അജൈവ മാലിന്യങ്ങൾ കൈമാറാതിരിക്കുകയും നാളിതുവരെ യൂസർ ഫീസ് നൽകാതിരിക്കുകയും ഹരിത കർമസേന അംഗങ്ങളോട് മോശമായി പെരുമാറുകയും ചെയ്യുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരാതിക്കാരന്റെ വീട്ടിൽ നേരിട്ടെത്തി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ വീട് പരിസരത്ത് വലിച്ചെറിയപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിത കർമസേനയ്ക്ക് യൂസർ ഫീസ് നൽകാത്തതിനും വീടും പരിസരവും വൃത്തിഹീനമാക്കിയിട്ടതിനും പിഴ ചുമത്തി നോട്ടീസ് നൽകിയത്.
ഇതിനെതിരായി ഹർജിക്കാരൻ പഞ്ചായത്ത് ഭരണസമിതിക്ക് അപ്പീൽ നൽകിയെങ്കിലും തള്ളിയിരുന്നു. തുടർന്ന് നടപടിക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തുടർന്ന് റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ് ഹർജിക്കാരൻ ട്രൈബ്യൂണലിനെ സമീപിച്ചത്. തന്റെ വീട്ടിൽ ഉപയോഗരഹിതമായ പ്ലാസ്റ്റിക് ഇല്ലെന്നും എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും പുനരുപയോഗിക്കുകയാണ് ചെയ്യുന്നതെന്നും അതിനാൽ ഹരിത കർമസേനയ്ക്ക് യൂസർ ഫീസ് നൽകാൻ ബാധ്യസ്ഥൻ അല്ലെന്നുമായിരുന്നു നിലപാട്.
മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ നടപടിക്രമം തെറ്റായതിനാൽ പരിസര മലിനീകരണത്തിന് ഫൈൻ ചുമത്താൻ കഴിയില്ലെന്നായിരുന്നു പരാതിക്കാരൻ ട്രൈബ്യൂണലിൽ വാദിച്ചത്.എന്നാൽ പരാതിക്കാരന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് പഞ്ചായത്ത് വാദിച്ചു. ഈ വാദം ശരിവച്ചാണ് ട്രൈബ്യൂണൽ വിധി പ്രഖ്യാപിച്ചത്.