അധ്യാപക നിയമനം: സർക്കാർ തീരുമാനത്തിൽ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധിച്ചു
1581832
Wednesday, August 6, 2025 11:50 PM IST
കാഞ്ഞിരപ്പള്ളി: ഭിന്നശേഷി സംവരണത്തിന് അധ്യാപക തസ്തിക മാറ്റിവയ്ക്കുന്ന ക്രിസ്ത്യൻ എയ്ഡഡ് സ്കൂളുകളിലെ മറ്റു നിയമനങ്ങൾ അംഗീകരിക്കണമെന്ന ആവശ്യം നിരസിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരേ കാഞ്ഞിരപ്പള്ളി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധിച്ചു.
തികച്ചും വിവേചനപരമായ ഉത്തരവിലൂടെ പന്ത്രണ്ടായിരത്തോളം അധ്യാപക നിയമനങ്ങളാണ് അനിശ്ചിതത്വത്തിലായത്. എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായി ലഭിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച ഉത്തരവ് തങ്ങൾക്കും ബാധകമാക്കണമെന്ന മറ്റു മാനേജ്മെന്റുകളുടെ വാദം അംഗീകരിക്കാതെയും കോടതികളിൽ നൽകേണ്ട മറുപടികൾ വൈകിച്ചും സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിന് കാലതാമസം സൃഷ്ടിച്ചും സർക്കാർ നടത്തിയ നീക്കം അധ്യാപകസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി.
പ്രസിഡന്റ് വിൻസെന്റ് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം രൂപത ഡയറക്ടർ ഫാ. എബ്രഹാം കൊച്ചുവീട്ടിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സിറിയക് മാത്യു പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ റോബി കെ. തോമസ്, ഷെറിൻ മേരി ജോണ്, തോമസ് ഡൊമിനിക്, ജോമോൻ ജോസഫ്, റോണി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.