ഇതിൽ കൂടുതൽ എന്തു കാട്ടാനാ!
1581833
Wednesday, August 6, 2025 11:51 PM IST
പെരുവന്താനം: പെരുവന്താനം പഞ്ചായത്തിന്റെ കൊയിനാട് മേഖലയിൽ ബുധനാഴ്ച രാവിലെ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.
പടന്നമാക്കൽ സിജോ കുരുവിളയുടെ നൂറ്റന്പതോളം റബർ മരങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. റബർ മരങ്ങളിലധികവും ചുവടെ പിഴുതെറിഞ്ഞിരിക്കുകയാണ്. കൂടാതെ പ്രദേശത്തെ കർഷകരുടെ വാഴ, തെങ്ങ് അടക്കമുള്ള കൃഷികളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
കൊയിനാടിനു സമീപം മതമ്പ ഭാഗത്ത് കഴിഞ്ഞ ദിവസം ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയെങ്കിലും മണിക്കൂറുകൾ പിന്നിടും മുന്പ് വീണ്ടും ഇവ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. ആനയുടെ ആക്രമണം രൂക്ഷമായതോടെ വീടിനു പുറത്തിറങ്ങാൻ പോലും പലരും മടിക്കുകയാണ്.
സുരക്ഷ എവിടെ?
വനാതിർത്തി മേഖലയിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുമെന്നു വർഷങ്ങളായി ജനപ്രതിനിധികൾ വാഗ്ദാനം നൽകാറുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല. അഞ്ച് മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പെരുവന്താനം പഞ്ചായത്തിൽ മാത്രം രണ്ടു ജീവനുകൾ നഷ്ടമായി.
രണ്ടു മാസങ്ങൾക്കു മുമ്പ് സമീപ പഞ്ചായത്തായ പീരുമേട്ടിലും ആദിവാസി വീട്ടമ്മയെ കാട്ടാന ആക്രമിച്ചു കൊന്നിരുന്നു. ഒരേ കാട്ടാനക്കൂട്ടം തന്നെയാണ് പീരുമേട്, കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ വനാതിർത്തിയിലെ ജനവാസമേഖലയിൽ ഇറങ്ങുന്നതെന്ന് നാളുകളായി നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്.
എന്നാൽ, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിഷേധമുയരുന്ന മേഖലയിൽനിന്നു കാട്ടാനക്കൂട്ടത്തെ മറ്റ് മേഖലയിലേക്കു തുരത്തുകയാണ് പതിവ്. കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്കു കയറ്റി വിടുകയും ഇവ തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ശാശ്വത പരിഹാരവുമാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു.