എരുമേലി ഡിടിപിസി സെന്റർ സ്മാർട്ടാക്കാൻ 1.65 കോടി കൂടി
1581834
Wednesday, August 6, 2025 11:51 PM IST
എരുമേലി: കൊരട്ടിയിൽ ടൂറിസം വകുപ്പിന്റെ പിൽഗ്രിം സെന്റർ നവീകരിക്കുന്നതിനായി1.65 കോടി രൂപ കൂടി അനുവദിച്ചെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കൊരട്ടിയിൽ നാലര ഏക്കർ സ്ഥലത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലാണ് സെന്റർ പ്രവർത്തിക്കുന്നത്. നിലവിൽ അഞ്ച് കെട്ടിടങ്ങളും 80 ശുചിമുറി സൗകര്യങ്ങളുമുള്ള ടോയ്ലറ്റ് കോംപ്ലക്സുകളും ഉദ്യാന പാർക്കുമുണ്ടെങ്കിലും ഇവയിൽ പലതും ഇപ്പോൾ ഉപയോഗക്ഷമമല്ല.
കഴിഞ്ഞവർഷം ഒരു കോടി രൂപ അനുവദിച്ച് റോഡ് കോൺക്രീറ്റിംഗും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. ഇപ്പോൾ അനുവദിച്ച 1.65 കോടി രൂപ ഉപയോഗിച്ച് ടോയ്ലറ്റ് കോംപ്ലക്സുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, കവേർഡ് ബാത്ത് ഏരിയകളുടെയും ഡോർമെറ്ററികളുടെയും നിർമാണം, സൈഡ് പ്രൊട്ടക്ഷൻ വാൾ, കിച്ചൻ ഹാൾ നവീകരണം, മാലിന്യസംസ്കരണ സംവിധാനം, പുതിയ ഗേറ്റ്, പൂന്തോട്ട നിർമാണം, വയറിംഗ്-പ്ലംബിംഗ് അറ്റകുറ്റപ്പണികൾ എന്നിവ നടത്താനാണ് പദ്ധതി. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സിൽക്കിനാണ് നിർമാണച്ചുമതല.