കടയം സ്കൂൾ ഇനിയും വേലിക്കു പുറത്ത്
1581838
Wednesday, August 6, 2025 11:51 PM IST
പാലാ: സ്കൂളിന്റെ പ്രവേശന കാവാടത്തില്‍ സംരക്ഷണവേലി വേണമെന്ന അപേക്ഷ നടപ്പാകാത്തതിൽ ആശയക്കുഴപ്പം. ഹെഡ്മിസ്ട്രസ് അപേക്ഷ കൊടുത്തെങ്കിലും വേലിനിര്‍മാണം ഇനിയും നടപ്പായിട്ടില്ല. പാലാ നഗരസഭയുടെ ചുമതലയിലുള്ള പാലാ സൗത്ത് കടയം ഗവൺമെന്റ് എല്‍പി സ്കൂളിലെ സംരക്ഷണഭിത്തി സംബന്ധിച്ചാണ് ആക്ഷേപം. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് എല്ലായിടത്തും പരിശോധന നടക്കുന്പോഴാണ് സംരക്ഷണവേലി ഒരുക്കുന്നതിൽ കാലതാമസം വരുത്തിയത്.
നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ സൗകര്യങ്ങളും കടയം ഗവൺമെന്റ് എല്‍പി സ്കൂളില്‍ ചെയ്തു കൊടുത്തിരുന്നു. അടുത്തിടെ സ്കൂള്‍ ടോയ്ലറ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയും മുറ്റം ടൈല്‍ വിരിക്കുകയും ചെയ്തു. എന്നാല്‍, സ്കൂള്‍ കവാടത്തിലുള്ള മതിലില്‍ സംരക്ഷണവേലി നിര്‍മിക്കണമെന്ന സ്കൂള്‍ അധികൃതരുടെ അപേക്ഷ നടപ്പായില്ല. ടോയ്ലറ്റിലും മറ്റും പോകുന്ന കുട്ടികള്‍ തിട്ടയില്‍നിന്നു താഴേയ്ക്കു വീഴാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് അപേക്ഷ നല്‍കിയിരുന്നത്.
റിപ്പോർട്ട് തേടി
സംരക്ഷണവേലി നിര്‍മിക്കാത്ത സാഹചര്യത്തില്‍ സ്കൂള്‍ അധികൃതര്‍ വീണ്ടും പാലാ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൊടുത്തു. ചെയര്മാന് തോമസ് പീറ്റര്‍ മുനിസിപ്പല്‍ അസിസ്റ്റന്റ് എൻജിനിയറെയും പിടിഎ പ്രസിഡന്റ് രണ്‍ദീപ് മീനാഭവനെയും വിളിച്ചുകൂട്ടുകയും എത്രയുംവേഗം സംരക്ഷണവേലി തീര്‍ക്കാന്‍ കര്‍ശന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ പാലാ എഇഒയോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.