കടപ്ലാമറ്റം ഗവ. ആശുപത്രി ഒപി ബ്ലോക്കിന് 1.43 കോടി രൂപ
1581839
Wednesday, August 6, 2025 11:51 PM IST
കടപ്ലാമറ്റം: കടപ്ലാമറ്റം ഗവൺമെന്റ് ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് നിർമിക്കുന്നതിനായി കേന്ദ്ര ആരോഗ്യ ഗ്രാന്റിനത്തിൽ 1.43 കോടി രൂപ ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി പതിനഞ്ചാം ധനകാര്യ കമ്മീഷൻ ആരോഗ്യ മേഖലയ്ക്ക് അനുവദിച്ച ഗ്രാന്റിൽ നിന്നാണ് ഫണ്ട് ലഭ്യമായത്.
ജോസ് കെ. മാണി എംപിയുടെ നിർദേശപ്രകാരം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർക്ക് ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് കടപ്ലാമറ്റം ഡിവിഷനംഗം ജീന സിറിയക് എന്നിവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് ലഭിച്ചത്.
78 വർഷം പിന്നിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കാൻ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2022-23 ബജറ്റിൽ ഇതിനായി 2.5 കോടി രൂപ അനുവദിച്ചിരുന്നു. 2021 ഡിഎസ്ആർ പ്രകാരം പുതുക്കിയ എസ്റ്റിമേറ്റ് ആരോഗ്യ ഡയറക്ടറുടെ അനുമതിക്ക് ശേഷം വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇപ്പോൾ 1.43 കോടി രൂപകൂടി ലഭ്യമായതോടെ രണ്ട് നിലയിൽ പുതിയ ഒപി ബ്ലോക്ക് പൂർത്തിയാക്കാനാകും.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയുടെ മെറ്റേണിറ്റി വാർഡ്, ലബോറട്ടറി, മഹാത്മാഗാന്ധി വാർഡ് എന്നിവ പൊളിച്ചുമാറ്റിയാണ് നിർമാണം. മൂന്ന് മെഡിക്കൽ ഓഫീസർമാരുടെയും ദന്തൽ വിഭാഗത്തിന്റെയും സേവനം ലഭ്യമാണെങ്കിലും സ്ഥലപരിമിതി ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ദിവസവും രാവിലെ ഒൻപതുമുതൽ അഞ്ചുവരെയും ഞായറാഴ്ച ഉൾപ്പെടെ അവധി ദിവസങ്ങളിൽ രണ്ടുവരെയും ഡോക്ടറുടെ സേവനം ലഭ്യമാണ്. ലബോറട്ടറി, നേത്ര പരിശോധന, ഫിസിയോതെറാപ്പി, പാലിയേറ്റീവ് എന്നീ വിഭാഗം സേവനങ്ങളും ആശുപത്രയിൽ ലഭ്യമാണ്. ഫണ്ടുകൾ വിനിയോഗിച്ചുള്ള നിർമണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക് അറിയിച്ചു.