കാറ്റൊന്ന് ആഞ്ഞു വീശിയാൽ ! പഴയ സ്കൂൾ കെട്ടിടം വീഴുന്നതും കാത്ത് അധികൃതർ
1582060
Thursday, August 7, 2025 7:05 AM IST
കുമരകം: കുമരകം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 80 വർഷത്തിലേറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടം നിലം പൊത്താറായിട്ട് പൊളിച്ചു നീക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. അപകടം മുന്നിൽ കണ്ട് സ്കൂൾ അധികൃതർ ജില്ലാ പഞ്ചായത്തിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടിയായില്ല. ബലക്ഷയമായ കെട്ടിടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ട സാഹചര്യത്തിൽ ഈ കെട്ടിടത്തിന്റെ ദുരവസ്ഥ അധികൃതർ റിപ്പോർട്ടു ചെയ്തതായി സ്ഥിരീകരണമില്ല.
ഈ കെട്ടിടത്തിന്റെ തിണ്ണ ഭാഗത്തെ ഓടുകൾ നീക്കം ചെയ്തിട്ടുണ്ട്. പൊളിഞ്ഞുവീഴാറായ മേൽക്കൂരയിലെ ബാക്കി ഭാഗത്തെ ഓടുകൾ മാറ്റിയിട്ടില്ല. കാലപ്പഴക്കത്തിൽ ഓടുകളുടെ ഭാരം താങ്ങാനാകാത്ത അവസ്ഥയിലാണ് മേൽക്കൂര. കെട്ടിടത്തിന്റെ ഭിത്തികൾക്കും ബലക്ഷയമുണ്ട്. ഈ കെട്ടിടത്തിൽ ക്ലാസുകൾ എടുക്കുന്നില്ലെങ്കിലും സമീപത്തുള്ള കെട്ടിടങ്ങളിൽ നൂറു കണക്കിന് വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
ഇടവേളകളിൽ കുട്ടികൾ പഴയ കെട്ടിടത്തിൽ വിശ്രമിക്കാൻ എത്തിയേക്കാം. സ്കൂൾ വളപ്പിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാൻ ഇനിയും വൈകുന്നതെന്താണെന്നാണ് നാട്ടുകാരുടെ ചോദ്യം.