പനച്ചിക്കാട്ട് നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
1596364
Thursday, October 2, 2025 11:55 PM IST
പനച്ചിക്കാട്: ദക്ഷിണ മൂകാംബിയില്‍ നൂറു കണക്കിന് കുരുന്നുകള്‍ ഇന്നലെ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.
സരസ്വതി സന്നിധിയില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ പുലര്‍ച്ചെ നാലിന് പൂജയെടുപ്പിന് ശേഷമാണ് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചത്. ഹരിശ്രീ മന്ത്രധ്വനികളാല് മുഖരിതമായ അന്തരീക്ഷത്തില്‍ ഇണങ്ങിയും, പിണങ്ങിയുമാണ് കുരുന്നുകള്‍ ആചാര്യന്മാരില്നിന്ന് അക്ഷരമാധുര്യം നുണഞ്ഞത്. കുരുന്നുകള്‍ താലത്തിലെ അരിയില്‍ ഹരിശ്രീ കുറിച്ചപ്പോള്‍ രക്ഷിതാക്കളും ഭക്തജനങ്ങളും സരസ്വതി സന്നിധിയിലെ മണല്‍ തിട്ടയില്‍ ഒരിക്കല്‍കൂടി ഹരിശ്രീ കുറിക്കാന്‍ തിക്കും തിരക്കും കൂട്ടി. പുലര്‍ച്ചെ തുടങ്ങിയ വിദ്യാരംഭ ചടങ്ങുകള്‍ വൈകുംവരെയും തുടര്‍ന്നു.
ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ തിരക്കൊഴിവാക്കാന്‍ വിപുലമായ ക്രമീരണങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നത്. ട്രാഫിക് തടസം ഒഴിവാക്കുന്നതിന് പോലീസും പനച്ചിക്കാട് ദേവസ്വവും ചേര്‍ന്നു നടത്തിയ വണ്‍വേ സംവിധാനം റോഡിലെ അനിയന്ത്രിത തിരക്കിന് പരിഹാരമായി.