ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പ്
1596852
Saturday, October 4, 2025 7:31 AM IST
ചങ്ങനാശേരി:ചങ്ങനാശേരിയില്‍ ജനശതാബ്ദി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു. ചങ്ങനാശേരി അതിരൂപത ആസ്ഥാനവും നായര്‍ സര്‍വീസ് സൊസൈറ്റി ആസ്ഥാനവും നിലകൊള്ളുന്ന ചങ്ങനാശേരിയില്‍ ഈ ട്രെയിനിന് സ്റ്റോപ്പ് ഇല്ലാത്തതു മൂലം മലബാറില്‍നിന്നുള്ള യാത്രക്കാര്‍ നിലവില്‍ കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഇറങ്ങി റോഡ് മാര്‍ഗമാണ് ചങ്ങനാശേരിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. മന്നം ജയന്തിക്ക് ജനശതാബ്ദി എക്സ്പ്രസിന് താത്കാലിക സ്റ്റോപ്പ് അനുവദിക്കാറുണ്ടായിരുന്നെങ്കിലും സ്ഥിരം സ്റ്റോപ്പ് ലഭിച്ചിരുന്നില്ല.
സ്റ്റോപ്പ് അനുവദിക്കുന്നതിനുവേണ്ടി കൊടിക്കുന്നില്‍ സുരേഷ് എംപി, റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്മാന് എന്നിവരുമായി നേരിട്ടു കൂടിക്കാഴ്ച നടത്തുകയും വിഷയത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയും യാത്രക്കാരുടെ ആവശ്യം ശക്തമായി മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.
ഈ ട്രെയിനിന്റെ സ്റ്റോപ്പ് ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു. വിദ്യാര്‍കള്‍ക്കും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ ഗുണകരമായ തീരുമാനമാണ് ജനശതാബ്ദിയുടെ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലെ സ്റ്റോപ്പ്.
റെയില്‍വേ ബോര്‍ഡിലെ നിരന്തര ഇടപെടലില്‍ സ്റ്റോപ്പ്
റെയില്‍വേ ബോര്‍ഡില്‍ നടത്തിയ നിരന്തര ഇടപെടലിന്റെ ഫലമായി 12081/82 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചത്. മാവേലിക്കര മണ്ഡലത്തിലെ ട്രെയിൻ യാത്രക്കാര്‍ക്കു കൂടുതല്‍ സൗകര്യം ഉറപ്പുവരുത്താനുള്ള ഇടപെടലുകള്‍ തുടരും.
കൊടിക്കുന്നില്‍ സുരേഷ് എംപി
മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം