ജനാധിപത്യ സർക്കാർ വിവേചനം കാണിക്കുന്നു: മാര്‍ തോമസ് തറയില്‍
1596570
Friday, October 3, 2025 7:30 AM IST
ചങ്ങനാശേരി: സമത്വം ഓരോ സമൂഹത്തിന്റെയും മൗലികാവകാശമാണെന്നിരിക്കെ ജനാധിപത്യ സര്‍ക്കാര്‍ ഇതു നിഷേധിക്കുകയാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. സിഎസ്ഐ മധ്യകേരള അല്മായ ഫെലോഷിപ് സുവര്‍ണജൂബിലി സമ്മേളനം ചങ്ങനാശേരി സെന്റ് പോള്‍സ് പള്ളിയിലെ ഹെന്റി ബേക്കര്‍ ജൂണിയര്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ഭിന്നശേഷി വിഷയത്തില്‍ സമത്വം നിഷേധിക്കപ്പെടുമ്പോള്‍ ക്രൈസ്തവസമൂഹം ഒന്നടങ്കം വേദനിക്കുകയാണെന്ന് ഭരിക്കുന്നവര്‍ മറന്നുപോകരുത്. ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ നീതി ലഭിക്കാന്‍ കോടതിയെ സമീപിച്ചുകൊള്ളാന്‍ പറയുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഭൂഷണമാണോയെന്നും ആര്‍ച്ച്ബിഷപ് ചോദിച്ചു.
എയ്ഡഡ് മേഖലയില്‍ ഭിന്നശേഷിക്കാരുടെ നിയമന വിഷയത്തില്‍ സര്‍ക്കാര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്. ഭിന്നശേഷിക്കാര്‍ക്കായുള്ള സീറ്റുകള്‍ മാനേജ്മെന്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ എന്‍എസ്എസിന് സുപ്രീംകോടതിയില്‍നിന്നു ലഭിച്ച വിധിയില്‍ ഭിന്നശേഷിക്കാരുടെ ഒഴികെയുള്ള സീറ്റുകളില്‍ നിയമനം നടത്താമെന്നും സമാന ഏജന്‍സികളുടെ കാര്യത്തിലും ഇതേ മാര്‍ഗം തുടരാമെന്നും നിര്‍ദേശിച്ചിരുന്നു.
സര്‍ക്കാരിന്റെ ഖജനാവില്‍ പണം കുറവാണെന്നു പറഞ്ഞു നീതി നിഷേധിക്കുന്നത് ശരിയല്ലെന്നു ബിഷപ് റവ.ഡോ. മലയില്‍ സാബു കോശി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന സമത്വത്തിനായി കോടതി കയറിയിറങ്ങേണ്ട ഗതികേടാണ് ഇപ്പോഴെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
ബിഷപ് തോമസ് കെ. ഉമ്മന്‍, ബിഷപ് തോമസ് സാമുവല്‍, ജോബ് മൈക്കിള്‍ എംഎല്‍എ, അല്മായ ഫെലോഷിപ്പ് ജനറല്‍ സെക്രട്ടറി ജോണ്സണ് പി. കുരുവിള, മത്തായിച്ചന് ഈട്ടിക്കല്‍, സോളമന് ജോസഫ്, ജിക്കി ജേക്കബ് ആന്‍ഡ്രൂസ്, റവ. ഷാജി ജേക്കബ്, ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.