പാലാ ജനറല്‍ ആശുപത്രി പാലിയേറ്റീവ് വിഭാഗത്തിന് വാഹനസൗകര്യം
1596582
Friday, October 3, 2025 11:28 PM IST
പാലാ: കെ.എം. മാണി സ്മാരക ഗവണ്മെന്റ് ജനറല്‍ ആശുപത്രിക്ക് വീണ്ടും ജോസ് കെ. മാണി എംപിയുടെ സഹായഹസ്തം. ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിനായി പുതിയ വാഹനം പ്രാദേശിക വികസന ഫണ്ടില്‍നിന്നു ലഭ്യമാക്കി.
വാഹനസൗകര്യം പരിമിതമായിരുന്നതിനാല്‍ കിടപ്പുരോഗികളെ അവരുടെ വീടുകളിലെത്തി ചികിത്സ നല്കുന്ന പദ്ധതി വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ നടന്നു വന്നിരുന്നത്. 250ല്‍പരം കിടപ്പുരോഗികളാണ് പാലിയേറ്റീവ് വിഭാഗത്തിനു കീഴിലുള്ളത്. സ്വന്തമായി വാഹനസൗകര്യം ലഭ്യമായതോടെ രോഗിയെത്തേടി ഡോക്ടര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വളരെ വേഗം എത്താന്‍ സൗകര്യമായതായി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് പറഞ്ഞു.
എമര്‍ജന്‍സി റെസ്പോണ്‍സ് ഹെല്‍ത്ത് ടീം, ആരോഗ്യ ക്യാമ്പുകള്‍, സെമിനാറുകള്‍, മീറ്റിംഗുകള്‍, മരുന്നുശേഖരണം എന്നീ ആവശ്യങ്ങള്‍ക്കും വാഹനസൗകര്യം തുണയാകുമെന്ന് സൂപ്രണ്ട് പറഞ്ഞു. ജോസ് കെ. മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നു പത്തു ലക്ഷത്തില്‍പരം രൂപ ചെലവഴിച്ചാണ് വാഹനം ലഭ്യമാക്കിയിട്ടുള്ളത്.
ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജോസ് കെ. മാണി എംപി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. നിര്‍ധന രോഗികള്‍ക്ക് ആരോഗ്യ പരിരക്ഷയ്ക്കായി കൂടുതല്‍ കരുതലും സൗകര്യങ്ങളും ഇനിയും ലഭ്യമാക്കുമെന്ന് എംപി പറഞ്ഞു.
ചടങ്ങില്‍ നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, ആര്‍എംഒ ഡോ. രേഷ്മ സുരേഷ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിര്‍ പ്രസംഗിച്ചു.