പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക് നവീകരണം വൈകുന്നു
1596577
Friday, October 3, 2025 10:29 PM IST
പാലാ: വെള്ളപ്പൊക്കവും അമിത ഉപയോഗവും മൂലം തകര്‍ന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്റെ പുനരുദ്ധാരണം വൈകുന്നു.
മൂന്നു മാസം മുമ്പ് നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടത്തിയിരുന്നു. കായികവകുപ്പിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന ബജറ്റില്‍ അനുവദിച്ച ഏഴു കോടി രൂപ വിനിയോഗിച്ചുള്ള നിര്‍മാണ പ്രവൃത്തികളാണ് പുനരുദ്ധാരണ പദ്ധതിയിലുള്ളത്. തകര്‍ന്നുകിടക്കുന്ന സിന്തറ്റിക് നീക്കം ചെയ്ത ശേഷം പുതിയത് സ്ഥാപിക്കുകയാണ് പ്രധാന പണി.
ജില്ലാ, സബ് ജില്ലാ സ്കൂള്‍ അത്ലറ്റിക് മീറ്റ് ഉള്‍പ്പെടെയുള്ള പ്രധാന മേളകള്‍ ഒക്ടോബറില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. 14, 15, 16 തീയതികളിലാണ് റവന്യു ജില്ലാ കായികമേള നടത്തുന്നത്. നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാത്ത സാഹചര്യത്തില്‍ മേളകള്‍ പാലായിലെ സ്റ്റേഡിയത്തില്‍ നടത്താന്‍ സാധിക്കും. തകര്‍ന്ന ട്രാക്കില്‍ മേളകള്‍ നടത്തേണ്ടി വരുമെന്നു മാത്രം.
പുനരുദ്ധാരണ പദ്ധതി പ്രകാരം നിലവില്‍ ട്രാക്കിലെ തകര്‍ന്ന സിന്തറ്റിക് നീക്കം ചെയ്യുകയും പുതിയവ സ്ഥാപിക്കുകയും ചെയ്യും.
അടങ്കല്‍ കണക്കാക്കുമ്പോള്‍ ജംപിംഗ്, ത്രോ ഇനങ്ങള്‍ നടക്കുന്നയിടം തുടങ്ങിയ ഭാഗങ്ങളിലെ സിന്തറ്റിക് കണക്കിലെടുത്തിരുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഭാഗങ്ങളും നവീകരിക്കുന്നത് പരിഗണിക്കും.
മഴ മാറിയാലുടന്‍
നിര്‍മാണം:
നഗരസഭാ ചെയര്മാന്
നിര്‍മാണം തുടങ്ങുന്നത് നഗരസഭയുടെ നിര്‍ദേശ പ്രകാരം മാറ്റി വയ്ക്കുകയായിരുന്നുവെന്ന് നഗരസഭാധ്യക്ഷന്‍ തോമസ് പീറ്റര്‍ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ ഉടന്‍തന്നെ കനത്ത മഴയാണ് ദിവസവും ഉണ്ടായത്. മഴക്കാലത്ത് നിര്‍മാണം നടത്തിയാല്‍ സിന്തറ്റിക് ട്രാക്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഈട് നിൽക്കില്ല. ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയാണ് നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.