ഓണംതുരുത്ത് എല്‍പി സ്കൂളിനു കെട്ടിടം
1596555
Friday, October 3, 2025 6:59 AM IST
ഓണംതുരുത്ത്: ഗവണ്മെന്റ് എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തിനു തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിട്ടാണു പുതിയ കെട്ടിടമൊരുക്കുന്നത്.
മന്ത്രി വി.എന്‍. വാസവന്റെ ഇടപടലിനെത്തുടര്‍ന്നു സ്കൂള്‍ നവീകരണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു. 6006 ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായാണ് നിര്‍മാണം. ഒന്നാംനിലയില്‍ ഒരുക്ലാസ് മുറിയും ഓഫീസ് മുറിയും വിശാലമായ ഡൈനിംഗ് ഏരിയയും പാചകപ്പുരയും പ്രവര്‍ത്തിക്കും. രണ്ടാംനിലയില്‍ മൂന്നു ക്ലാസ് മുറികളും ലൈബ്രററിയും ഉണ്ടാകും.
ഭിന്നശേഷി സൗഹൃദ ശൗചാലയം ഉള്‍പ്പെടെ പുതിയ കെട്ടിടത്തില്‍ ക്രമീകരിക്കും. പൊതുമരാമത്ത് വകുപ്പു കെട്ടിട വിഭാഗത്തിനാണ് നിര്‍മാണച്ചുമതല. 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്. ദീപ പറഞ്ഞു.