മൃതസംസ്കാരത്തിനു പോയ ജീവനക്കാരിൽനിന്ന് ബസ് വാടക ഈടാക്കി കെഎസ്ആര്‍ടിസി
1596553
Friday, October 3, 2025 6:59 AM IST
കോട്ടയം: ഡിപ്പോയിലേക്ക് ജോലിക്കു പോകുംവഴി കഴിഞ്ഞമാസം 25ന് കുഴഞ്ഞുവീണു മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ സംസ്കാരത്തിനു പോയ ജീവനക്കാര്‍ക്ക് അധികൃതര്‍ വാഹനസൗകര്യം ഒരുക്കിക്കൊടുത്തില്ലെന്നു പരാതി.
കോട്ടയം ഡിപ്പോയിലെ പുതുപ്പള്ളി സ്വദേശി സിബി സേവ്യറുടെ സംസ്കാരത്തിന് പോയ കെഎസ്ആര്‍ടിസി ബസിനു വാടക ആവശ്യപ്പെട്ടതായാണ് ജീവനക്കാര്‍ പറയുന്നത്. പുലര്‍ച്ചെ നാലിന് കോയമ്പത്തൂരിനുള്ള ബസ് എടുക്കാന്‍ പോകുംവഴി ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനെത്തുടർന്ന് ബൈക്ക് തള്ളുമ്പോള്‍ മാങ്ങാനത്തിനു സമീപത്തുവച്ച് ഹൃദയാഘാതമുണ്ടായാണ് മരണം സംഭവിച്ചത്. കോട്ടയത്തുനിന്നും പുതുപ്പള്ളി വരെ 10 കിലോമീറ്റര്‍ യാത്രയ്ക്കാണ് വകുപ്പ് അധികൃതര്‍ 3600 രൂപ വാടക ചുമത്തിയത്.
ജീവനക്കാരുടെ ഫേസ്ബുക്ക് കൂട്ടായ്മകളില്‍ ഇതിനെതിരേ പോസ്റ്റുകളും വരുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ മരിക്കുമ്പോള്‍ അതത് സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യമായി മൃതദേഹം എത്തിക്കാറുണ്ട്. അതുപോലെ ജീവനക്കാര്‍ മരിച്ചാല്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന സഹപ്രവർത്തകരോട് വാടക ഈടാക്കുന്നത് ശരിയല്ലെന്നാണ് ഇവര്‍ പറയുന്നത്. റോഡില്‍ മിന്നല്‍ പരിശോധന നടത്തുന്ന വകുപ്പ് മന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും ജീവനക്കാര്‍ ചോദിക്കുന്നു.
എന്നാല്‍, ഡിപ്പാര്ട്ടുമെന്റില് ഇത്തരത്തില്‍ ബസ് വാടകയില്ലാതെ അനുവദിക്കാന്‍ അനുമതിയില്ലെന്നും മുന്‍പ് ബസ് അനുവദിക്കുന്പോൾ യൂണിയനുകളാണ് വാടക അടച്ചിരുന്നതെന്നും ഡിപ്പോ അധികൃതര്‍ പറയുന്നു.