സുൽത്താന്റെ തണലിലെ ‘അഞ്ചുമണിക്കാറ്റ്’ ശുചീകരിച്ചു
1596567
Friday, October 3, 2025 7:16 AM IST
തലയോലപ്പറമ്പ്: ഗാന്ധിജയന്തിയോടനുബന്ധിച്ച് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, തലയോലപ്പറമ്പ് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബഷീറിന്റെ കഥകളുമായി അഭേദ്യമായ ബന്ധമുള്ള പാലാംകടവിലെ സുൽത്താന്റെ തണലിലെ അഞ്ചുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രവും മുവാറ്റുപുഴയാറിന്റെ തീരവും ശുചീകരിച്ചു.
പുല്ലും പടർപ്പും മാലിന്യങ്ങളും തിങ്ങിയ പുഴയോരം ഹരിതകർമസേനാംഗങ്ങൾ,നാട്ടുകാർ, ജനപ്രതിനിധികൾ ചേർന്നാണ് ശുചീകരിച്ചത്.കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസന്റ് അധ്യക്ഷത വഹിച്ചു.
ഹരിതം എന്റെ ഗ്രാമം സിഗ്നേച്ചർ ചലഞ്ച് തലയോലപ്പറമ്പ് എസ്ഐ പി.എസ്. സുധീരൻ നിർവഹിച്ചു. മുതിർന്ന ഹരിത കർമസേനാംഗങ്ങളെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തങ്കമ്മ വർഗീസ്, സെലിനാമ്മ ജോർജ്, പഞ്ചായത്തംഗം അഞ്ജു ഉണ്ണികൃഷ്ണൻ എന്നിവർ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.സന്ധ്യ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തങ്കമ്മ വർഗീസ്, സെലിനാമ്മജോർജ്, നയനബിജു, പഞ്ചായത്ത് അംഗങ്ങളായ അനിചള്ളാങ്കൽ, അഞ്ജു ഉണ്ണികൃഷ്ണൻ, വിജയമ്മബാബു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.എസ്.വേണു, ശുചിത്വ സൗഹൃദ വേദി ജില്ലാ കോ-ഓർഡിനേറ്റർ പി.ഐ. സജിത്ത്, നജീബ് കണ്ടത്തിൽപറമ്പ്, സക്കീർ മലബാർ തുടങ്ങിയവർ പ്രസംഗിച്ചു.
ബ്ലോക്ക് മെംബർ തങ്കമ്മ വർഗീസിന്റെ ശ്രമഫലമായി ബ്ലോക്ക് പഞ്ചായത്തിന്റെ 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയും തുടർന്ന് 2.50 ലക്ഷം രൂപയും വിനിയോഗിച്ചാണ് മൂവാറ്റുപുഴ ആറിന്റെ തീരത്ത് അഞ്ചുമണിക്കാറ്റ് സായാഹ്ന വിശ്രമകേന്ദ്രം പുനരുദ്ധരിച്ചത്.
ബഷീറിന്റെ കഥകളിൽ പരാമർശിക്കപ്പെടുന്ന പാലാംകടവിലെ അഞ്ചുമണിക്കാറ്റ് വിശ്രമകേന്ദ്രത്തിനു സമീപത്തായി ബഷീർ സ്മാരകവും ലൈബ്രറിയും സ്മാരക വളപ്പിൽ ബഷീറിന്റെ അർധകായ പ്രതിമയുമുണ്ട്.