തദ്ദേശ തെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ്-എം സമ്മേളനം ഇന്ന്
1596369
Thursday, October 2, 2025 11:55 PM IST
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ്-എം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് കെപിഎസ് മേനോന് ഹാളില്‍ പ്രതിനിധി സമ്മേളനം ചേരും. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയില്‍ നേതാക്കളായ ജോസ് കെ. മാണി, റോഷി അഗസ്റ്റിന്, ഡോ. എന്‍. ജയരാജ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്, തോമസ് ചാഴികാടന്, സ്റ്റീഫന്‍ ജോര്‍ജ്, ഔസേപ്പച്ചന് വാളിപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ജനപ്രതിനിധികളെ വിജയിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സമ്മേളനം. കഴിഞ്ഞ തവണ മത്സരിക്കാനായില്ലെന്നും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചു വാങ്ങണമെന്നുമാണ് തീരുമാനം.
കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലും 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിലും അന്‍പതിലേറെ പഞ്ചായത്തുകളിലും ഭരണത്തിലെത്തിയത് കേരള കോണ്‍ഗ്രസ് എമ്മിവന്റെ കൂടി കരുത്തിലാണെന്ന വാദം മുന്നണിയില്‍ ഉന്നയിക്കും. സര്‍ക്കാരിന്റെ ഭരണനേട്ടം താഴേത്തട്ടില്‍ എത്തിക്കുന്നതിനൊപ്പം ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കും എന്നതും ചര്‍ച്ചാവിഷയമാകും. വന്യമൃഗശല്യം, വിലക്കയറ്റം, റബര്‍ നെല്ല് വിലയിടിവ് തുടങ്ങിയവ വോട്ടുചോര്‍ച്ചയ്ക്ക് കാരണമാകാതിരിക്കാനുള്ള തന്ത്രങ്ങളും കണ്ടെത്തും. എന്നാല്‍ ബഫര്‍ സോണ്‍, ഭൂപതിവ് നിയമ ഭേദഗതി, വന്യജീവി സംരക്ഷണ നിയമ ഭേദഗതി, തെരുവുനായ ശല്യം തുടങ്ങിയവയില്‍ പാര്‍ട്ടി നിലപാടിന് സമൂഹത്തില്‍ സ്വീകാര്യത ലഭിച്ചിട്ടുള്ളതായി നേതൃത്വം കരുതുന്നു.