തുമരംപാറ എൽപി സ്കൂളിന് പുതിയ കെട്ടിടം; നിർമാണോദ്ഘാടനം ഇന്ന്
1596586
Friday, October 3, 2025 11:28 PM IST
എരുമേലി: എഴുപത്തേഴു വർഷം പിന്നിട്ട തുമരംപാറയിൽ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂളിന് വിദ്യാഭ്യാസവകുപ്പ് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചുള്ള പുതിയ കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.
പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരും തൊഴിലാളികളും ചെറുകിട-നാമമാത്ര കൃഷിക്കാരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന തുമരംപാറയിലെ ഏക പൊതുവിദ്യാലയമാണ് ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ. വളരെയേറെ കാലപ്പഴക്കമുള്ള സ്കൂൾ കെട്ടിടം ഏതാനും വർഷങ്ങളായി അങ്ങേയറ്റം ശോച്യാവസ്ഥയിലായിരുന്നു. മുൻവർഷങ്ങളിലുണ്ടായ പ്രളയങ്ങൾ മൂലം കെട്ടിടം കൂടുതൽ ജീർണാവസ്ഥയിലായി. സ്കൂളിന് പുതിയ കെട്ടിടം നിർമിക്കണമെന്ന് അഭ്യർഥിച്ച് സ്കൂൾ പിടിഎയും പ്രദേശവാസികളും എംഎൽഎക്ക് നിവേദനം നൽകിയിരുന്നു.
രണ്ടു നിലകളിലായി നിർമിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, ടോയ്ലറ്റ് എന്നിവ ഒന്നാം ഘട്ടമായി പൂർത്തിയാക്കും.
ഉദ്ഘാടന സമ്മേളനത്തിൽ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ. അജി, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ആർ. ദീപ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.എസ്. കൃഷ്ണകുമാർ, ജൂബി അഷറഫ്, പഞ്ചായത്തംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, ലിസി സജി, പ്രകാശ് പള്ളിക്കൂടം, ബിനോയി ഇലവുങ്കൽ, ഊരു മൂപ്പന്മാരായ രാജൻ അറക്കുളം, കേശവൻ പാറക്കൽ, അജി കാവുങ്കൽ, കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. സുൽഫിക്കർ, മുൻ പിഎസ്സി മെംബർ പി.കെ. വിജയകുമാർ, ഐടിഡിപി ജില്ലാ പ്രോജക്ട് ഓഫീസർ എസ്. സജു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ.വി. ജയേഷ്, ഹെഡ്മാസ്റ്റർ എൻ.കെ. സുരേഷ്കുമാർ, പിടിഎ പ്രസിഡന്റ് രമ്യ സുനീഷ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.
ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി സ്കൂൾ പ്രവർത്തിക്കാൻ കഴിയുന്ന വിധമാണ് നിർമാണ പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.