നിയമവിരുദ്ധ തസ്തിക സൃഷ്ടിക്കാൻ നീക്കമെന്ന്: നീലംപേരൂരിൽ കോണ്‍ഗ്രസ് ധര്‍ണ
1596857
Saturday, October 4, 2025 7:31 AM IST
നീലംപേരൂര്‍: പഞ്ചായത്തില്‍ നിയമവിരുദ്ധമായി തസ്തിക സൃഷ്ടിച്ച് ഇഷ്ടക്കാരെ നിയമിക്കാനുള്ള നീക്കം യുഡിഎഫ് അനുവദിക്കില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍. നീലംപേരൂര്‍ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഇല്ലാത്ത അസിസ്റ്റന്റ് അധ്യാപക തസ്തിക സൃഷ്ടിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരേ നീലംപേരൂര്‍ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള ആയ കം കുക്കിന് അസിസ്റ്റന്റ് അധ്യാപികയായി സ്ഥാനക്കയറ്റം നല്കി താത്കാലിക ഡ്രൈവറെ ആയ കം കുക്ക് ആയി നിയമിക്കാനാണ് നീക്കം. താത്കാലിക ജീവനക്കാര്‍ക്കു സ്ഥാനക്കയറ്റം അനുവദനീയമല്ലെന്നും പുരുഷ ജീവനക്കാരെ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ നിയമിക്കാനാവില്ലെന്നും നിലപാടെടുത്ത മുന്‍ പഞ്ചായത്ത് സെക്രട്ടറിയെ അടുത്തയിടെ സ്ഥലം മാറ്റിയിരുന്നു. പുതിയ സെക്രട്ടറിയും പക്ഷേ നിയമനത്തെ എതിര്‍ക്കുകയാണുണ്ടായത്.
യുഡിഎഫ് മണ്ഡലം ചെയര്മാന് എം. വിശ്വനാഥപിള്ള അധ്യക്ഷത വഹിച്ചു. കെ. ഗോപകുമാര്‍, പി.ടി. സ്കറിയ, സി.വി. രാജീവ്, ബോബന് തയ്യില്‍, വിജയകുമാര്‍ പൂമംഗലം, എ.പി. ആനന്ദരാജന്‍, ശശി നക്കര, ജോബ് ചെറിയാന്, സിബിച്ചന് തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.