മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന സത്യവിരുദ്ധം: കോട്ടയം അതിരൂപത ജാഗ്രതാസമിതി
1596841
Saturday, October 4, 2025 7:08 AM IST
കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ചു മന്ത്രി വി. ശിവന്‍കുട്ടി നടത്തുന്ന പ്രസ്താവനകള്‍ യാഥാര്‍ഥ്യങ്ങളെ മറച്ചുവച്ചുള്ളതും സത്യവിരുദ്ധവും ക്രൈസ്തവ മാനേജ്മെന്റുകളെയും അധ്യാപകരെയും അപമാനിക്കുന്നതുമാണെന്ന് കോട്ടയം അതിരൂപത ജാഗ്രതാ സമിതി. കാലങ്ങളായി കത്തോലിക്കാ മാനേജ്മെന്റുകള്‍ വിദ്യാഭ്യാസരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന വലിയ സംഭാവനകളെ തമസ്കരിച്ചു ഗൂഢതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മന്ത്രിയുടെ പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ അദ്ദേഹം തയാറാകണം. അവകാശങ്ങള്‍ ചോദിക്കുമ്പോള്‍ മതത്തിന്റെ പേരു പറഞ്ഞ് പ്രതിരോധിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല.
കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്കൂളിലും ഭിന്നശേഷി സംവരണത്തിനായി കോടതി വിധി പ്രകാരം എല്ലാ ഒഴിവുകളും മാറ്റിവച്ചുള്ള സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ എല്ലാ നിര്‍ദേശങ്ങളും കത്തോലിക്കാ മാനേജ്മെന്റുകള്‍ പാലിച്ച് പോരുന്നുമുണ്ട്. ഇക്കാര്യത്തില്‍ ഏതെങ്കിലും മാനേജ്മെന്റുകള്‍ വീഴ്ച വരുത്തുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നിരിക്കെ എല്ലാവരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള മന്ത്രിയും പ്രസ്താവന പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
അനാവശ്യ പിടിവാശി ഉപേക്ഷിച്ച് സുപ്രീംഹൈക്കോടതി വിധികള്‍ മാനിച്ച് അധ്യാപക നിമനാംഗീകാരം നടത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ജാഗ്രതാ സമിതി ആവശ്യപ്പട്ടു.