അറിവിന്റെ ആദ്യാക്ഷരം നുകർന്ന് കുരുന്നുകൾ
1596563
Friday, October 3, 2025 7:16 AM IST
വൈക്കം: വിജയദശമിയോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ കുരുന്നുകൾ ആദ്യാക്ഷര മധുരം നുകർന്നു. ക്ഷേത്രങ്ങളിൽ പ്രത്യേകം തയാറാക്കിയ പന്തലിലെ സരസ്വതി മണ്ഡപത്തിൽ പ്രത്യേക പൂജകൾക്കു ശേഷമാണ് പൂജയെടുപ്പ്, ഗുരു ശ്രേഷ്ഠരുടെ കാർമികത്വത്തിൽ വിദ്യാരംഭം, എഴുത്തിനിരുത്ത് എന്നിവ നടന്നത്.
വൈക്കം ചെമ്മനാകരി ശ്രീശാരദാമഠം ക്ഷേത്രം, വൈക്കം വെച്ചൂർ ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രം, ഉല്ലല പുതിയ കാവ് ദേവീക്ഷേത്രം, ഉല്ലല ഓംകാരേശ്വരം ക്ഷേത്രം, കൊച്ചങ്ങാടി ശ്രീരാമശ്രീ ആഞ്ജനേയ ക്ഷേത്രം, തലയോലപ്പറമ്പ് ബ്രഹ്മപുരം, മാത്താനം ദേവീക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടന്നു.
പൂങ്കാവ് ദേവീക്ഷേത്രത്തിൽ പാല അന്തിനാട് വിഷ്ണുവിന്റെ കാർമികത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ സംഗീതാർച്ചന, പ്രസാദ വിതരണം, പ്രസാദ ഊട്ട് തുടങ്ങിയവയും നടന്നു. നവരാത്രി ആഘോഷത്തി സമാപനത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.