കാരൂർ മലയാള സാഹിത്യത്തിലെ ഇതിഹാസം: മോൻസ് ജോസഫ്
1596550
Friday, October 3, 2025 6:59 AM IST
ഏറ്റുമാനൂർ: കഥാകൃത്തുക്കളുടെ കഥാകൃത്ത് ആയിരുന്ന കാരൂർ നീലകണ്ഠപിള്ള മലയാള സാഹിത്യത്തിലെ ഇതിഹാസമെന്ന് മോൻസ് ജോസഫ് എംഎൽഎ. കാരൂരിന്റെ 50-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ജനകീയ വികസനസമിതിയും കെ.ജി. സേതുനാഥ് സ്മാരക സാംസ്കാരികവേദിയും സംയുക്തമായി സംഘടിപ്പിച്ച കാരൂർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ വികസനസമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. കെ.ജി. സേതുനാഥ് സ്മാരക സാംസ്കാരിക വേദി ചെയർമാൻ ഹരി ഏറ്റുമാനൂർ ആമുഖപ്രസംഗവും കവിയും കഥാകൃത്തുമായ ടിനോ ഗ്രേസ് തോമസ് മുഖ്യപ്രഭാഷണവും നടത്തി. സാഹിത്യപ്രവർത്തക സഹകരണസംഘം ഡയറക്ടർ ഡോ. എം.ജി. ബാബുജി, മോഹൻകുമാർ മംഗലത്ത് എന്നിവർ പ്രസംഗിച്ചു.
കാരൂരിന്റെ കഥാപ്രപഞ്ചം എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ പ്രസംഗമത്സരത്തിൽ ഐറിൻ ട്രീസാ ജോബിൻ ഒന്നാം സ്ഥാനവും മിഥിൽ ഉണ്ണികൃഷ്ണൻ രണ്ടാം സ്ഥാനവും ആദിത്യ മനോജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കാരൂരിന്റെ കൊച്ചുമകനും മുൻ ജില്ലാ പോലീസ് മേധാവിയുമായ എൻ. രാമചന്ദ്രൻ അവാർഡ് സമ്മാനിച്ചു.