ഭാര്യയെ കൊന്ന് റബർത്തോട്ടത്തിൽ തള്ളിയ സംഭവം ; നിഷ്ഠുര കൊലപാതകം
1596626
Saturday, October 4, 2025 1:14 AM IST
പട്ടിത്താനം: ഒരുവീടിന്റെ രണ്ട് നിലകളിലായി പിണിങ്ങിക്കഴിഞ്ഞിരുന്ന കപ്പടക്കുന്നേൽ സാം, ഭാര്യ ജെസിയെ കൊലപ്പെടുത്തിയത് അതിനിഷ്ഠുരമായി.
വീടിന്റെ മുകൾനിലയിലാണ് സാമിന്റെ താമസം. താഴത്തെ നിലയിലായിരുന്നു ജെസിയും മക്കളും താമസിച്ചിരുന്നത്. മക്കൾ വിദേശത്ത് പോയതോടെ കഴിഞ്ഞ ആറുമാസമായി ജെസി തനിച്ചാണ് താമസം.
സാം ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു. ആറുമാസമായി എംജി സർവകലാശാലയിലെ ടൂറിസം ബിരുദാനന്തര ബിരുദ പഠനത്തിലാണ്. ഇവിടത്തെ ഒരു സഹപാഠിയുമായി കഴിഞ്ഞയാഴ്ചയിൽ വീട്ടിലെത്തിയ സാമിനെ ഭാര്യ ചോദ്യം ചെയ്യുകയും തടയുകയും ചെയ്തിരുന്നു. യുവതികളുമായി സാം വീട്ടിലെത്തുക പതിവായിരുന്നെന്നും പോലീസ് പറയുന്നുണ്ട്.
കഴിഞ്ഞ 26-ാം തീയതി മുതൽ ജെസിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ മക്കൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജെസിയെ കാണാനില്ലെന്ന് ബോധ്യപ്പെട്ടത്. ഇതേത്തുടർന്നാണ് മൈസൂരുവിൽനിന്ന് സാമിനെ പിടികൂടുന്നത്. ചോദ്യംചെയ്യലിൽ ജെസിയെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിലാക്കി തൊടുപുഴ ഉടുമ്പന്നൂർ ചെപ്പുകുളം ചക്കുരമണ്ടി ഭാഗത്ത് റോഡിൽനിന്ന് 30 അടിയോളം താഴ്ചയിൽ ഉപേക്ഷിച്ചെന്ന് സാം സമ്മതിച്ചെന്ന് പോലീസ് പറയുന്നു.
അയൽപക്ക സന്പർക്കമില്ലാത്ത കുടുംബം
പട്ടിത്താനം: വീടിനുള്ളിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കിലോമീറ്ററുകൾക്കപ്പുറത്ത് റോഡരുകിൽ മൃതദേഹം തള്ളിയ ഭർത്താവിനെക്കുറിച്ച് അധികമാർക്കും അറിയില്ല. വീടിനപ്പുറത്തേക്ക് വീട്ടുകാരെക്കുറിച്ച് അധികമൊന്നും അറിയില്ലെന്ന നിലപാടാണ് സമീപത്തുള്ളവരടക്കം പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഭാര്യയെ കാണാനില്ലെന്ന് കേട്ടതായാണ് ചിലർ പറയുന്നത്. പതിനഞ്ച് വർഷത്തോളമായി താമസിക്കുന്ന കുടുംബമാണെങ്കിലും ദമ്പതികളെക്കുറിച്ചോ മക്കളേക്കുറിച്ചോ കൃത്യമായ വിവരങ്ങളൊന്നും പറയാൻ സമീപവാസികൾക്കുപോലും അറിയില്ലെന്നതാണ് സ്ഥിതി.