നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവച്ചു കൊല്ലണം: ജോസ് കെ. മാണി എംപി
1596592
Friday, October 3, 2025 11:28 PM IST
പാറത്തോട്: ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്ന വന്യജീവികളെ വെടിവച്ചു കൊല്ലണമെന്ന് ജോസ് കെ. മാണി എംപി. കേരള കോൺഗ്രസ്-എം പാറത്തോട് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാട് മനുഷ്യനും കാട് വന്യജീവികൾക്കുമുള്ളതാണ്. ഇന്ന് കർഷകർ നിരവധി പ്രശ്നങ്ങൾ അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്. അതിൽ ഒന്നാണ് വനം-വന്യജീവി വിഷയം. കാടിറങ്ങിവരുന്ന മൃഗങ്ങൾ കൃഷികൾ തകർക്കുകയും കർഷകരുടെ സ്വൈരജീവിതം തകർക്കുകയാണ്. വന്യജീവികളിൽനിന്നു മനുഷ്യന് സംരക്ഷണം നൽകാൻ വേണ്ടിയുള്ള നിയമനിർമാണത്തിനുവേണ്ടി സംസ്ഥാന സർക്കാർ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചിരിക്കുകയാണ്. കേന്ദ്രനിയമം പൊളിച്ചെഴുതിയെങ്കിൽ മാത്രമേ വനം-വന്യജീവി വിഷയം ശാശ്വതമായി പരിഹരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ജോസ് കെ. മാണി പറഞ്ഞു. ഉപാധിരഹിത സർവസ്വാതന്ത്ര്യ ഭൂമി കർഷകന്റെ അവകാശമാണെന്ന കേരള കോൺഗ്രസിന്റെ ആവശ്യം മുൻനിർത്തിയാണ് ഭൂപതിവ് ഭേദഗതി സർക്കാർ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് കെ.ജെ. തോമസ് കട്ടക്കൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, നിയോജകമണ്ഡലം സെക്രട്ടറി ഡയസ് കോക്കാട്ട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് കൊച്ചുപുര, ജോർഡിൻ കിഴക്കേത്തലക്കൽ, യൂത്ത് ഫ്രണ്ട്-എം മണ്ഡലം പ്രസിഡന്റ് സിജോ മോളോപറമ്പിൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം സെക്രട്ടറി തോമസ് ചെമ്മരപ്പള്ളിയിൽ, മണ്ഡലം സെക്രട്ടറിമാരായ സിബി ശൗര്യം കുഴിയിൽ, അരുൺ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, പഞ്ചായത്തംഗങ്ങളായ കെ.പി. സുജിലൻ, ജിജിമോൾ ഫിലിപ്പ്, കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് പ്രിൻസ് വെട്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.