കുരുന്നുകള്‍ക്കായി 121 വര്‍ണക്കൂടാരങ്ങള്‍
1596367
Thursday, October 2, 2025 11:55 PM IST
കോട്ടയം: വര്‍ണക്കൂടാരത്തിന്റെ നിറശോഭയില്‍ ജില്ലയിലെ 121 പ്രീ പ്രൈമറി സ്കൂളുകള്‍. 16 ഇടത്തുകൂടി നടപ്പാക്കിയാല്‍ പദ്ധതിയില്‍ ജില്ലയ്ക്ക് 100 ശതമാനം നേട്ടമാകും.
സ്റ്റാര്‍സ് (സ്ട്രെംഗ്തണിംഗ്, ടീച്ചിംഗ്, ലേണിംഗ് ആന്‍ഡ് റിസള്‍ട്സ് ഫോര്‍ ദ സ്റ്റേറ്റ്) പരിപാടിയുടെ ഭാഗമായി പ്രീ പ്രൈമറി വിദ്യാലയങ്ങളെ നവീകരിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് വര്‍ണക്കൂടാരം. സമഗ്രശിക്ഷ കേരളമാണു വര്‍ണക്കൂടാരം നടപ്പാക്കുന്നത്. കുരുന്നുകള്‍ക്ക് ശാസ്ത്രീയ രീതിയിലുള്ള ശിക്ഷണത്തിന് കളിയിടം, വരയിടം, കുഞ്ഞരങ്ങ്, ഗണിതയിടം, ആട്ടവും പാട്ടും, ശാസ്ത്രയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവ ഇടം, നിര്‍മാണ ഇടം, ഇ-ഇടം, പുറം കളിയിടം, അകം കളിയിടം എന്നിങ്ങനെ 13 ഇടങ്ങളാണ് വര്‍ണക്കൂടാരത്തില്‍ ഒരുക്കിയിട്ടുള്ളത്. ഓരോ സ്കൂളിലും രണ്ടുലക്ഷം രൂപ ചെലവിട്ട് ടെലിവിഷന്‍, സൗണ്ട് സിസ്റ്റം, എല്‍സിഡി പ്രോജക്ടര്‍, സൗണ്ട് റിക്കാര്‍ഡര്‍ എന്നിവയും ഒരു ലക്ഷം രൂപ വിലവരുന്ന കളി ഉപകരണങ്ങളും അനുവദിച്ചു.
സ്കൂളുകളുടെ അകവും പുറവും ചുറ്റുമതിലുമെല്ലാം വര്‍ണ ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാക്കി. 2020-21 അധ്യയന വര്‍ഷമാണു പദ്ധതി ആരംഭിച്ചത്. പ്രാരംഭഘട്ടത്തില്‍ മൂന്നു സ്കൂളുകളില്‍ 15 ലക്ഷം രൂപ വീതം അനുവദിച്ചു. പിന്നീട് ഒരു സ്കൂളിന് പത്തു ലക്ഷം രൂപ വീതവും. ആദ്യ വര്‍ഷം ഒരു സ്കൂളിലും അടുത്ത വര്‍ഷം 14 സ്കൂളിലും നടപ്പാക്കി. 2022-23ല്‍ 30 സ്കൂളിലും 2023-24 ല്‍ 42 സ്കൂളിലും 2024-25 വര്‍ഷം 34 സ്കൂളിലും പദ്ധതി ആരംഭിച്ചു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പഠന പ്രവര്‍ത്തനങ്ങളിലൂടെ വിജ്ഞാന വിപുലീകരണവും സ്വഭാവ രൂപീകരണവും സാധ്യമാകുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.
പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. പദ്ധതി നടത്തിപ്പിനായി സ്കൂളുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, വാര്‍ഡ് അംഗം, പിടിഎ, എസ്എംസി അംഗങ്ങള്‍, പ്രാദേശിക വിദഗ്ധര്‍, വിദ്യാലയ വികസനസമിതി അംഗങ്ങള്‍, സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന സമിതികളും രൂപീകരിച്ചിട്ടുണ്ട്.