ഉപഭോക്തൃ സംരക്ഷണത്തിന് മുന്‍ഗണന: മന്ത്രി ജി.ആര്. അനില്‍
1596832
Saturday, October 4, 2025 7:08 AM IST
കോട്ടയം: എല്ലാവിധ ചൂഷണങ്ങളില്‍നിന്നും ഉപഭോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ജി.ആര്. അനിൽ. നാട്ടകത്ത് ലീഗല്‍ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അളവും തൂക്കവും കൃത്യമെന്ന് ഉറപ്പാക്കുന്നതിനായി “ജാഗ്രത’’ എന്ന പേരിലും പെട്രോള്‍, ഡീസല്‍ ക്രമക്കേടുകള്‍ തടയുന്നതിന് “ക്ഷമത’’ എന്ന പേരിലും ആരംഭിച്ച പരിശോധനകള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.
ലീഗല്‍ മെട്രോളജി കണ്ട്രോളര് ജെ. കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭാംഗങ്ങളായ ഷീജ അനില്‍, എബി കുന്നേപറമ്പില്, സംസ്ഥാന നിര്‍മിതി കേന്ദ്രം റീജണല്‍ എന്‍ജിനിയര്‍ പി.കെ. രാജേഷ് കുമാര്‍, ലീഗല്‍ മെട്രോളജി അഡീഷണല്‍ കണ്ട്രോളര് ആര്. റീന ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലാ ആസ്ഥാന ഓഫീസും അനുബന്ധ ഓഫീസുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബോറട്ടറി കോംപ്ലക്സും ഇവിടെ പ്രവര്‍ത്തിക്കും. ഇപ്പോൾ തിരുനക്കര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഓഫീസുകളാണ് നാട്ടകത്തേക്ക് മാറ്റുന്നത്.
ഈ മാസം അവസാനം ഓഫീസുകള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.