സി.എ. ചാക്കോ സാറിന് വിടചൊല്ലാൻ കുറുന്പനാടം
1596573
Friday, October 3, 2025 7:30 AM IST
കുറുമ്പനാടം: കുറുമ്പനാടത്തെ വിദ്യാഭ്യാസ, സാമുദായിക രാഷ്ട്രീയ രംഗങ്ങളില്‍ അരനൂറ്റാണ്ടത്തെ സേവനങ്ങള്‍ക്കൊടുവിൽ ചെത്തിപ്പുഴ സി.എ. ചാക്കോസാര്‍ യാത്രയായി. ദീര്‍ഘകാലം കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍ ഹൈസ്കൂളില്‍ അധ്യാപകനായും പിന്നീട് ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ച അദ്ദേഹം ആയിരക്കണക്കിനു ശിഷ്യഗണത്തിനു ജ്ഞാനം പകര്‍ന്നുനല്‍കിയ ഗുരുഭൂതനാണ്. ഗണിതശാസ്ത്ര അധ്യാപകനായിരുന്ന അദ്ദേഹം ഗണിതശാസ്ത്രത്തിന്റെ മാന്ത്രികച്ചെപ്പ് തന്റെ ശിഷ്യര്‍ക്കു മുന്നില്‍ തുറന്നുകാട്ടി.
സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയംഗം, സെന്റ് ആന്റണീസ് ഫൊറോന സണ്‍ഡേ സ്കൂള്‍ അധ്യാപകന്, സിവൈഎംഎയുടെ ഭാരവാഹി, കുറുമ്പനാടം വിന്‍സെന്റ് ഡി പോള്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായും അദ്ദേഹം തന്റേതായ സംഭാവനകള്‍ നല്കി.
തന്റെ പ്രവര്‍ത്തനമണ്ഡലങ്ങളിലെല്ലാം സ്വന്തമായ അഭിപ്രായം പ്രത്യാഘാതങ്ങള്‍ ഭയപ്പെടാതെ അദ്ദേഹം ശക്തമായി രേഖപ്പെടുത്തിയിരുന്നു. അരനൂറ്റാണ്ടു കാലത്തോളം അനേകായിരം ശിഷ്യഗണങ്ങള്‍ക്ക് ഗുരുവും സാമൂഹ്യ, സാമുദായിക, ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ അമരക്കാരനായും പ്രവര്‍ത്തിച്ച ചാക്കോസാറിന് കുറുമ്പനാടം ഇന്നു വികാരനിര്‍ഭരമായി വിട നല്‍കും.
രാവിലെ പത്തിന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ മൃതദേഹം സംസ്കരിക്കും.