ജലസംഭരണി നാടിനു സമർപ്പിച്ചു
1596583
Friday, October 3, 2025 11:28 PM IST
കുറവിലങ്ങാട്: കോഴാ നയാഗ്ര കുടിവെള്ള പദ്ധതിയുടെ നവീകരണ പ്രവർത്തനങ്ങളുടെയും കാക്കനാട് മലയിൽ പുതുതായി സ്ഥാപിച്ച ജലസംഭരണിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിർവഹിച്ചു. നയാഗ്ര ജലസമൃദ്ധി സൊസൈറ്റി പ്രസിഡന്റ് എൻ.വി. ജോർജ് നടുവിലേക്കുറ്റ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ബേബി തൊണ്ടാംകുഴി, ജോയിസ് അലക്സ്, സെക്രട്ടറി സ്വപ്ന സുരേഷ്, കെ.ഡി. പ്രകാശൻ, ബാബു മധുമന്ദിരം, സജോ വാന്തിയിൽ, ബിജു നരിവേലിൽ, സോമൻ വട്ടക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി നൽകിയ ശോഭാ ഗോപി, കെ.എസ്. സജിമോൻ എന്നിവരെ പഞ്ചായത്ത് അംഗങ്ങൾ അനുമോദിച്ചു.
11,61,500 രൂപയാണ് ടാങ്ക് നിർമാണത്തിനും നവീകരണപ്രവർത്തനങ്ങൾക്കുമായി പഞ്ചായത്ത് നീക്കിവച്ചിരുന്നത്. പുതിയ പമ്പിംഗ് മെയിൻ സ്ഥാപിക്കലും 10 എച്ച്പി മോട്ടോർ പമ്പ് സെറ്റുമാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. കാക്കനാട്ടുമലയിൽ രണ്ടു ടാങ്കുകളാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ കാക്കനാട്ടുമല, ഇല്ലിക്കൽ, ആളോത്ത് എന്നിവിടങ്ങളിലെ കുടിവെള്ളലഭ്യത ഉറപ്പുവരുത്താൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.