കേരള കോൺഗ്രസ്-എം ജില്ലാ പ്രതിനിധി സമ്മേളനം ചേർന്നു
1596625
Saturday, October 4, 2025 1:14 AM IST
കോട്ടയം: പതിറ്റാണ്ടുകളായി കര്‍ഷകര്‍ ഉന്നയിച്ചുകൊണ്ടിരുന്ന ജനകീയ പ്രശ്നങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് -എം എല്‍ഡിഎഫിന്റെ ഭാഗമായതിനുശേഷം പരിഹാരം കാണാന്‍ സാധിച്ചത് പാര്‍ട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമാണെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഫര്‍ സോണ്‍ വിഷയത്തിലെ കൃത്യമായ ഇടപെടലുകളും ഭൂപതിവ് നിയമ ഭേദഗതിയും വന്യജീവി സംരക്ഷണം കേരള ഭേദഗതിയും നിറഞ്ഞ മനസോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.
കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനം തടസപ്പെടുത്തുകയാണ്. എയിംസ് കോട്ടയത്ത് സ്ഥാപിക്കാന്‍ മെഡിക്കല്‍ കോളജിനുസമീപം സ്ഥലം കണ്ടെത്തി കേന്ദ്ര ആരോഗ്യമന്ത്രിയെ മുമ്പ് കണ്ടു സംസാരിച്ചിരുന്നതാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രാഷ്ട്രീയപരമായി തീരുമാനമെടുത്ത് സ്ഥലം മാറ്റുകയും എയിംസ് വൈകിപ്പിക്കുകയുമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വൈസ് ചെയര്മാന് തോമസ് ചാഴികാടന്, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, നേതാക്കളായ ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, സണ്ണി തെക്കേടം, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ജോസ് ടോം, ജോസ് പുത്തന്‍കാല, സിറിയക് ചാഴികാടന്, പെണ്ണമ്മ തോമസ്, ഫിലിപ്പ് കുഴികുളം, വിജി എം. തോമസ്, തോമസ് പന്തലാനി, ജോസഫ് ചാമക്കാല, ഡിനു ചാക്കോ, ഡാനി തോമസ്, രാമചന്ദ്രന് അള്ളുപുറം, ജോ കൈപ്പന്‍പ്ലാക്കല്‍, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കും
കോട്ടയം: എല്‍ഡിഎഫ് ഭരണത്തിന്റെ സ്വീകാര്യതയില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും ബിജെപി മുന്നണിക്കും കനത്ത തോല്‍വിയുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രതിനിധി സമ്മേളനം. ജില്ലയില്‍ നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയിലധികം കേരള കോണ്‍ഗ്രസ്-എം ജനപ്രതിനിധികള്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചു വരുമെന്നും ജില്ലാ പ്രതിനിധി സമ്മേളനം വിലയിരുത്തി.
പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിയുന്ന സീറ്റുകള്‍ സംബന്ധിച്ച് എല്‍ഡിഎഫ് നേതൃത്വവുമായി വിശദമായ ചര്‍ച്ച നടത്തും.