മെഗാ ക്ലീനിംഗില്‍ കൈകോര്‍ത്തത് 12500 പേര്; ശുചിത്വസുന്ദരമായി തൃക്കൊടിത്താനവും പായിപ്പാടും
1596575
Friday, October 3, 2025 7:30 AM IST
ചങ്ങനാശേരി: തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകള്‍ ശുചിയാക്കാന്‍ നാട്ടുകാര്‍ കൈകോര്‍ത്തു. ശുചിത്വ മിഷന്, തൃക്കൊടിത്താനം ഫൊറോന, റേഡിയോ മീഡിയ വില്ലേജ്, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകള്‍, വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനത്തിലാണ് മെഗാ ക്ലീനിംഗ് സംഘടിപ്പിച്ചത്. രാവിലെ ഒമ്പതിനാരംഭിച്ച ശുചീകരണം ഉച്ചകഴിഞ്ഞ് രണ്ടിനു സമാപിച്ചു.
"കൈകോര്‍ത്ത് നാട് സുന്ദരമാക്കുക' എന്ന മുദ്രാവാക്യത്തോടെ തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളിലെ 165 കേന്ദ്രങ്ങളിലായി 12,500 പേരാണ് പങ്കെടുത്തത്.
തൃക്കൊടിത്താനം കുന്നുംപുറം കവലയില്‍ തൃക്കൊടിത്താനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു.
തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ്, വൈസ് പ്രസിഡന്റ് ബിനോയി ജോസഫ്, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന്, ജില്ലാ പഞ്ചായത്ത് മെംബര്‍ മഞ്ജു സുജിത്, ജനറല്‍ കണ്‍വീനര്‍ ടോണി പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
വീടുകള്‍, സ്കൂളുകള്‍, റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപകമായ ശുചീകരണം നടന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ജനസാന്നിധ്യം ശുചീകരണത്തിന് ഊര്‍ജം പകര്‍ന്നു. സാമൂഹിക പ്രവര്‍ത്തകരും സാമൂഹിക സംഘടനകളും പങ്കാളികളായി.
സ്നേഹവിരുന്നോടെയാണ് പരിപാടി സമാപിച്ചത്. "ശുചിത്വം നമ്മുടെ ഉത്തരവാദിത്വം, നമ്മുടെ അഭിമാനം’ എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച പരിപാടി നാടിനു മാതൃകയായി.
റെയില്‍വേ സ്റ്റേഷനില്‍
ചങ്ങനാശേരി: ശുചിത്വ ഭാരത മിഷന്റെ സ്വച്ഛത ഹി സേവ പരിപാടികളുടെ ഭാഗമായി ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ സെന്റ് ആന്‍സ് ഹൈസ്കൂളിലെ എന്‍സിസി, ഗൈഡ്സ് വിഭാഗം വിദ്യാര്‍ഥികളുടെ ബോധവത്കരണ പരിപാടികളും ശുചിത്വ പ്രതിജ്ഞയും ചിത്രരചനാ മത്സരവും നടന്നു.
സ്റ്റേഷന് സൂപ്രണ്ട് ജോര്‍ജുകുട്ടി, ചീഫ് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സുരേഷ് കുമാര്‍, ഗൈഡ് ക്യാപ്റ്റന്‍ സിസ്റ്റര്‍ എല്‍സ ജോസ്, എന്‍സിസി ഓഫീസര്‍ ബിന്‍സി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആനന്ദാശ്രമത്തില്‍
ചങ്ങനാശേരി: ആനന്ദാശ്രമം എസ്എന്‍ഡിപി ശാഖാ യോഗം ആനന്ദാശ്രമത്തിലെ ഗാന്ധി മണ്ഡപത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു.
ഗാന്ധി ഫോറം പ്രസിഡന്റ് ജസ്റ്റിന് ബ്രൂസ് ഗാന്ധി അനുസ്മരണം നടത്തി. ശാഖാ പ്രസിഡന്റ് ടി.ഡി. രമേശന്, വൈസ് പ്രസിഡന്റ് സജിത് റോയി, സെക്രട്ടറി സന്തോഷ് രവി, മോഹനന് ശാന്തി, എന്നിവര്‍ പ്രസംഗിച്ചു.
നഗരത്തില്‍ ശുചിത്വോത്സവം കാമ്പയിൻ
ചങ്ങനാശേരി: നഗരസഭ സ്വച്ഛത ഹി സേവ ശുചിത്വോത്സവം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച തീവ്ര ശുചീകരണ യജ്ഞം റെയില്‍വേ ബൈപാസ് റോഡില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഹരിതകര്‍മസേന അംഗങ്ങള്‍, നഗരസഭാ ശുചീകരണ തൊഴിലാളികള്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെ നൂറോളം ആളുകള്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, കൗണ്‍സിലര്‍മാരായ ബീന ജോബി, കുഞ്ഞുമോള്‍ സാബു, ഉഷാ മുഹമ്മദ് ഷാജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.എം. ഷംസുദീന്‍, ബി. പ്രദീപ് രാജ്, ജഗല്ചിത്ത്, ഗായത്രി ദേവി, എ. പ്രിയ, ഷാമിലമോള്, ഗോകുല്‍ ഗോപന് എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി
മാടപ്പള്ളി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തെങ്ങണാ ടൗണില്‍ അനുസ്മരണയോഗവും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഡിസിസി നിര്‍വാഹക സമിതിയംഗം ആന്റണി കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര അധ്യക്ഷത വഹിച്ചു. പി.എം. ഷെഫീക്, പി.എം. മോഹനന് പിള്ള, ജസ്റ്റിന് പാറുകണ്ണില്‍, എ.എസ്. രവീന്ദ്രന് മാസ്റ്റര്‍, സി.കെ. അന്‍സാരി, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, സെലീനാമ്മ തോമസ്, റോസിലിന് ഫിലിപ്പ്, സിനി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
photo:
ഗാന്ധിജയന്തി ദിനത്തില്‍ തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച മെഗാ ക്ലീനിംഗിനോടനുബന്ധിച്ച് തൃക്കൊടിത്താനം കുന്നുംപുറം കവലയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ തൃക്കൊടിത്താനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു