കാലടിയിൽ 16 കിലോ കഞ്ചാവുമായി രണ്ടു ബംഗാളികൾ പിടിയിൽ
1582597
Sunday, August 10, 2025 4:44 AM IST
കാലടി: കാലടിയിൽ 16 കിലോ കഞ്ചാവുമായി രണ്ടു പശ്ചിമ ബംഗാൾ സ്വദേശികളെ പോലീസ് സംഘം പിടികൂടി. സഹീദുൾ ഇസ്ലാം, അസന്നൂർ ഇസ്ലാം എന്നിവരെയാണ് മരോട്ടിച്ചോടിൽ നിന്ന് പെരുമ്പാവൂർ എഎസ്പി ഹർദിക് മീണയുടെ നേതൃത്തിലുള്ള സ്ക്വാഡും, കാലടി പോലീസും ചേർന്ന് പിടികൂടിയത്.
ഒഡീഷയിൽ നിന്നുമെത്തിക്കുന്ന കഞ്ചാവ് കാലടിയുടെ വിവിധ ഭാഗങ്ങളിൽ വില്പന നടത്തിവരികയായിരുന്നു സംഘം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെയോടെ പോലീസ് നടത്തിയ പരിശോധനയിലാണ്, അങ്കമാലിയിൽ ട്രെയിൻ ഇറങ്ങിയ ശേഷം ഓട്ടോയിൽ കാലടിക്കുപോകുകയായിരുന്ന ഇവർ കുടുങ്ങിയത്.
കിലോയ്ക്ക് 3000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്നും കഞ്ചാവ് വാങ്ങിയിരുന്ന ഇവർ 25,000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. മുന്പും സമാന രീതിയിൽ കഞ്ചാവ് എത്തിച്ചിരുന്നതായി ഇവർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.