ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട ആറ് ഇതരസംസ്ഥാനക്കാർ പിടിയിൽ
1582992
Monday, August 11, 2025 4:35 AM IST
പെരുന്പാവൂരിൽ 30 ലക്ഷത്തിന്റെ ഹെറോയിനും ആലുവയിൽ 17 കിലോ കഞ്ചാവും പിടികൂടി
പെരുമ്പാവൂർ/ആലുവ: പെരുന്പാവൂരിലും ആലുവയിലുമായി വൻ മയക്കുമരുന്നുവേട്ട. പെരുന്പാവൂരിൽ 30 ലക്ഷം വിലമതിക്കുന്ന ഹെറോയിനും ആലുവയിൽ 17 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. രണ്ടിടങ്ങളിലുമായി ആസാം-ബംഗാൾ സ്വദേശികളായ ആറുപേരാണ് പിടിയിലായത്.
പെരുമ്പാവൂരിൽ ഹെറോയിനുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. 30 ലക്ഷത്തോളം വിലമതിക്കുന്ന ഹെറോയിനുമായി പോഞ്ഞാശേരിയിൽ നിന്നും യുവതി ഉൾപ്പെടെ രണ്ട് ആസാം സ്വദേശികളും പെരുമ്പാവൂര്‍ മത്സ്യമാര്‍ക്കറ്റ് ഭാഗത്ത് നടത്തിയ പരിശോധനയിൽ മൂന്നുഗ്രാം ഹെറോയിനുമായി മറ്റൊരു ആസാം സ്വദേശിയേയുമാണ് പിടികൂടിയത്.
ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29), ഹിബ്ജുൻ നഹാർ (25) എന്നിവരാണ് പോഞ്ഞാശേരിയിൽ കുടുങ്ങിയത്. ആസാമിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തി ഓട്ടോറിക്ഷയിൽ വരികയായിരുന്നു. യുവതി ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. 14 സോപ്പുപെട്ടി ബോക്സുകളിലായിരുന്നു കൊണ്ടുവന്നത്.
നാഗാലാൻഡിൽ നിന്ന് ഒരു ബോക്സ് 80000 രൂപയ്ക്ക് വാങ്ങി ഇവിടെയെത്തിച്ച് ചെറിയ ബോട്ടിലുകളാക്കിയായിരുന്നു വില്പന. ഒരു ചെറിയ ബോട്ടിൽ ആയിരം രൂപ മുതൽ 2000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐ പി.എം. റാസിക്, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, ശ്രീജ, സീനിയർ സിപിഒമാരായവർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, ബെന്നി ഐസക്, സിബിൻ സണ്ണി, ജിഷ്ണു, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പെരുമ്പാവൂര്‍ മത്സ്യമാര്‍ക്കറ്റ് ഭാഗത്തു നിന്നും മൂന്നുഗ്രാം ഹെറോയിനുമായി ആസാം സ്വദേശി മുഹമ്മദ് അബ്ദുൽ ഗാനിയെ (40) എക്സൈസാണ് പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സാബു വർഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഒഡീഷയിൽ നിന്നെത്തിച്ച 17 കിലോഗ്രാം കഞ്ചാവുമായി എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശികളായ ബുട്ടു മണ്ഡൽ (32), ലാലൻ മണ്ഡൽ (35), അഷറഫ് മണ്ഡൽ (20) എന്നിവരെ ആലുവ പോലീസാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തോട്ടുമുഖം ഭാഗത്ത് എടയപ്പുറം റോഡിലുള്ള കെട്ടിടത്തിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കിലോയ്ക്ക് 2000 മുതൽ 3000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് വാങ്ങി 30000 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. പോലീസിന്റെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ അങ്കമാലിയിൽ നിന്ന് എംസി റോഡിലൂടെ മാറമ്പിള്ളി വഴി തോട്ടമുഖത്തെത്തുകയായിരുന്നു. പോലീസ് ഇവരെ പിന്തുടർന്നാണ് പിടികൂടുകയത്.
ഒഡീഷയിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച ശേഷം മടങ്ങുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇവരുമായി ബന്ധമുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം റൂറൽ പോലീസ് കാലടിയിൽ നിന്നും 16 കിലോഗ്രാം കഞ്ചാവുമായി രണ്ട് മൂർഷിദാബാദ് സ്വദേശികൾ പിടിയിലായിരുന്നു.