മതസ്വാതന്ത്ര്യം ഭരണഘടനയുടെ ആത്മാവ്: ജസ്റ്റീസ് ജെ. ചെലമേശ്വര്‍
1582600
Sunday, August 10, 2025 4:44 AM IST
കൊച്ചി: സമത്വം, മതസ്വാതന്ത്ര്യം, സാമൂഹ്യനീതി എന്നിവയാണ് ഭരണഘടനയുടെ ആത്മാവ് എന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് ജെ. ചെലമേശ്വര്‍. നിയമ വിദ്യാഭ്യാസത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗവ.ലോ കോളജില്‍ സംഘടിപ്പിച്ച ലോ ലക്ചര്‍ സീരീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന മതവിശ്വാസങ്ങളും ആചാരങ്ങളും ഏകീകരിച്ചാണ് ഭരണഘടന രൂപപ്പെടുത്തിയത്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിപുലമായ സാമൂഹ്യസാംസ്കാരിക പശ്ചാത്തലമുണ്ട്. മതം, സോഷ്യലിസം എന്നിവയുടെ മുഖ്യ സന്ദേശം ദുര്‍ബലരെ സംരക്ഷിക്കുക, സത്യം സംസാരിക്കുക എന്നിവയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കേണ്ടത് ജനങ്ങളുടെ കടമയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ജനങ്ങള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമേ ഭരണഘടനയെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ലോ ലക്ചര്‍ സീരീസ് ചെയര്മാന് ജസ്റ്റിസ് കെ.എം. ജോസഫ്, പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന് സെക്രട്ടറി അഡ്വ. പി. സഞ്ജയ്, ഗവ. ലോ കോളജ് പ്രിന്‍സിപ്പൽ ഡോ. മിനി പോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.