കർഷകദിനം പ്രതിഷേധ കണ്ണീർ ദിനമായി ആചരിക്കും
1582611
Sunday, August 10, 2025 4:52 AM IST
കോതമംഗലം: സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരേ കർഷകദിനം പ്രതിഷേധ കണ്ണീർ ദിനമായി കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി ആചരിക്കുന്നു. നാളെ രാവിലെ 10ന് കോതമംഗലം മുൻസിപ്പൽ ഓഫീസിന് എതിർവശത്ത് ജെ.വി. ഓഡിറ്റോറിയത്തിൽ നടത്തുന്ന സമ്മേളനം യുഡിഎഫ് ജില്ലാ കൺവീനറും കോ- ഓർഡിനേഷൻ കമ്മറ്റി ചെയർമാനുമായ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യും.
കമ്മറ്റി ജനറൽ കൺവീനർ ജയിംസ് കോറമ്പേൽ അധ്യക്ഷത വഹിക്കും. കോ-ഓർഡിനേറ്റർ പി.സി. ജോർജ്ജ് വിഷയാവതരണം നടത്തും. ചടങ്ങിൽ മികച്ച കർഷകരെ ആദരിക്കും.
ജില്ലയിലെ കിഴക്കൻ മേഖലയായ അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങളിൽ ആയിരക്കണക്കിന് കർഷകർക്ക് വിവിധ നഷ്ടപരിഹാരതുകയായി 25 കോടി രൂപയും, കോതമംഗലം നിയോജകമണ്ഡലത്തിൽ പത്തുകോടി രൂപയും ലഭിക്കാനുണ്ട്. എന്നാൽ രണ്ടു കൊല്ലമായി ലഭിക്കാനുള്ള തുക കർഷകരിലേക്ക് എത്താൻ ഒരു നടപടിയും പിണറായി സർക്കാർ സ്വീകരിച്ചിട്ടില്ല.
വന്യമൃഗ ശല്യം ഗ്രാമങ്ങളിൽനിന്ന് ടൗണുകളിലേക്കും വ്യാപിച്ചു. എന്നിട്ടും ഒരു നടപടിയുമില്ല. ഈ വിഷയങ്ങളെല്ലാം മുൻനിർത്തിയാണ് കർഷകദിനം കണ്ണീർ ദിനമായി ആചരിക്കുന്നത്.
സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എ.ജി. ജോർജ്ജ്, കെ.പി. ബാബു, പി.പി. ഉതുപ്പാൻ, ഷമീർ പനക്കൽ, ബാബു ഏലിയാസ്, എം.എസ്. എൽദോസ്, എബി അബ്രാഹം, ഇബ്രാഹിം കവലയിൽ, പി.കെ. മൊയ്തു, എ.റ്റി. പൗലോസ്, മാത്യു ജോസഫ്, എ.സി. രാജശേഖരൻ, ആന്റണി ഓലിയപുറം, എം.എം. അബ്ദുൾ റഹ്മാൻ, കെ.എം. കാസിം, പി.എം സിദ്ദിഖ്, എം.സി അയ്യപ്പൻ എന്നിവർ പ്രസംഗിക്കും.