കൊച്ചിയിൽ സിംഗപ്പൂര്‍ മോഡൽ കനാലുകള്‍ : 3716 കോടിയുടെ നവീകരണ പദ്ധതിയുമായി കെഎംആര്‍എല്‍
1582605
Sunday, August 10, 2025 4:44 AM IST
കൊച്ചി: കൊച്ചിയിലെ കനാലുകള്‍ മാലിന്യമുക്തമാക്കി ആഴം വര്‍ധിപ്പിച്ച് തീരങ്ങള്‍ മനോഹരമാക്കി സംരക്ഷിക്കുന്ന കനാല്‍ നവീകരണ പദ്ധതിയുമായി കെഎംആര്‍എല്‍. വെനീസ്, ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍ രാജ്യങ്ങളിലേതുപോലെ കനാലുകളുടെ മുഖഛായ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെഎംആര്‍എല്‍ പറഞ്ഞു.
ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനെറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം (ഐയുആര്‍ഡബ്ല്യുടിഎസ്) എന്ന പേരിലുള്ള പദ്ധതി സംസ്ഥാന സര്‍ക്കാരിനുവേണ്ടി കിഫ്ബി ധനസഹായത്തോടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കേരള വാട്ടര്‍ അഥോറിറ്റിയും സംയുക്തമായാണ് നടപ്പാക്കുന്നത്.
3716.10 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കാനാലുകളിലൂടെയുള്ള ഗതാഗതം സുഗമമാകും. കനാല്‍ തീരങ്ങളില്‍ വാട്ടര്‍ സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തും. അതുവഴി കൊച്ചിയുടെ ശാപമായ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ പ്രധാന കനാലുകളായ പേരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാല്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. മാലിന്യം നീക്കം ചെയ്ത ശേഷം ആഴവും വീതിയും കൂട്ടി ഇരുവശത്തും നടപ്പാതകള്‍ നിര്‍മിച്ച് മനോഹരമാക്കും. ഇടപ്പള്ളി, ചിലവന്നൂര്‍ കനാലുകളില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാനാകും വിധമാണ് നവീകരണം. ഇടപ്പള്ളി കനാലില്‍ മുട്ടാര്‍ മുതല്‍ ചിത്രപ്പുഴവരെയുള്ള 11.50 കിലോമീറ്റര്‍ ദൂരമാണ് ബോട്ട് സര്‍വീസിനായി ഒരുക്കുന്നത്.
വൈറ്റില-തേവര റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങുമ്പോള്‍ ചിലവന്നൂര്‍ കനാലിലൂടെ എളംകുളം മെട്രോയുമായും ബന്ധിപ്പിക്കാനാകും. ചിലവന്നൂര്‍ കനാല്‍ തീരം സൗന്ദര്യവത്കരിച്ച് വാട്ടര്‍സ്പോട്സ് ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തും.
ഇവിടെ മനോഹരമായ നടപ്പാതകള്‍ നിര്‍മിക്കുകയും വിനോദത്തിനുള്ള ഉപാധികളും ഏര്‍പ്പെടുത്തും. തേവര കനാലില്‍ സ്ഥിതി ചെയ്യുന്ന കല്ലുപാലം പുനര്‍നിര്‍മാണം, മംഗളവനത്തിനുള്ളിലെ കനാലിന്റെ ഡ്രെഡ്ജിംഗ് എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തും.