ക്രൈസ്തവർക്കെതിരായ അതിക്രമങ്ങള്‍: കേന്ദ്രം ഇടപെടണമെന്നു കത്തോലിക്ക കോണ്‍ഗ്രസ്
1582607
Sunday, August 10, 2025 4:52 AM IST
കോതമംഗലം: ക്രൈസ്തവര്‍ക്കെതിരേ ആവര്‍ത്തിക്കുന്ന അതിക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത സമിതി ആവശ്യപെട്ടു. ഒഡീഷയിലെ ജലേശ്വറില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരേ ഉണ്ടായ അതിക്രമത്തില്‍ രൂപത സമിതി പ്രതിഷേധിച്ചു.
ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരേ അതിക്രമങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നുപറഞ്ഞ് നിസാരവത്കരിക്കുന്ന ഭരണാധികാരികളുടെ പൊള്ളത്തരം കൂടുതല്‍ വ്യക്തമാകുകയാണെന്ന് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, ഡയറക്ടര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്, ജനറല്‍ സെക്രട്ടറി മത്തച്ചന് കളപ്പുരക്കല്‍, ട്രഷറര്‍ തമ്പി പിട്ടാപ്പിള്ളില്‍ എന്നിവര്‍ പറഞ്ഞു.
ക്രൈസ്തവ ന്യൂനപക്ഷങ്ങള്ക്കുനേരേ നടക്കുന്ന ആക്രമണങ്ങള്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് പ്രതിഷേധകരമാണ്. അക്രമികള്‍ക്കുനേരേ ഒരു കേസ് പോലും എടുക്കാതെ നിയമപാലകര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണം. അക്രമങ്ങള്‍ തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.